സിഖ്കാർ തലയില്‍ അണിയുന്ന ടര്‍ബണിനെ ബാന്റേജ് എന്ന് പരിഹസിച്ച സായിപ്പിനുള്ള മറുപടിയായി തലയില്‍ അണിയുന്ന തലപ്പാവിന്റെ നിറങ്ങളില്‍ ലോകത്തില്‍ തന്നെ ഏറ്റവും വിലയുള്ള കാറുകളില്‍ ഒന്നായ റോള്‍സ് റോയിസ് കാറുകള്‍ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനും ലണ്ടനിലെ വ്യവസായിയുമായ റൂബന്‍ സിങ്ങിനെ വാഹനപ്രേമികള്‍ അത്രവേഗം മറക്കാനിടയില്ല. അദ്ദേഹത്തിന്റെ ഗ്യാരേജിലെ റോള്‍സ് റോയിസിലേക്ക് പുതിയ ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്.

തികഞ്ഞ സിഖ് വിശ്വാസിയായ റൂബണ്‍ സിങ്ങ് ഇത്തവണ സ്വന്തമാക്കിയ റോള്‍സ് റോയിസിന്റെ നിറത്തിനുമുണ്ട് ഒരു പ്രത്യേകത. റോള്‍സ് റോയിസ് കേസരി എന്നാണ് സിങ്ങ് ഈ നിറത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കുങ്കുമ നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ലോകത്തില്‍ തന്നെ ഈ നിറത്തില്‍ ഈ ഒരു വാഹനമാണ് റോള്‍സ് റോയിസ് ഇറക്കിയിട്ടുള്ളതെന്നാണ് റൂബന്‍ സിങ്ങ് അവകാശപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഈ വാഹനത്തിന്റെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

Rolls Royce
റൂബന്‍ സിങ്ങ് പുതിയ റോള്‍സ് റോയിസുമായി | Instagram/singhreuben

തന്റെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മതത്തിന്റെയും നിറമാണ് കേസരിയെന്നാണ് അദ്ദേഹം പറയുന്നത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനായി ത്യാഗം സഹിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമാണ് കേസരി എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുള്ളത്. വാഹനത്തിന്റെ നിറത്തിലുള്ള തലപ്പാവും ചൂടി നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. റോള്‍സ് റോയിസ് കള്ളിനന്‍ മോഡലാണ് പുതിയ നിറത്തില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ള മോഡല്‍. 

ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ആഡംബര വാഹനങ്ങളിലൊന്നായാണ് കള്ളിനന്‍ എസ്.യു.വി. വിശേഷിപ്പിക്കുന്നത്. റോള്‍സ് റോയിസ് വാഹനനിരയിലെ ആദ്യ എസ്.യു.വിയുമാണ് കള്ളിനന്‍. ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം മികച്ച കരുത്തുമാണ് ഈ എസ്.യു.വിയുടെ മുഖമുദ്ര. 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് കള്ളിനന്റെ ഹൃദയം. ഇത് 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകും. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

Rolls Royce
റൂബന്‍ സിങ്ങിന്റെ റോള്‍സ് റോയിസ് കളക്ഷന്‍ | Instagram/singhreuben

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡേ പിഎ എന്ന കോണ്‍ടാക്ട് സെന്ററിന്റെ സിഒഇയാണ് റൂബന്‍ സിങ്. ഇതിന് പുറമെ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇഷര്‍ ക്യാപിറ്റലിന്റെയും മേധാവി ഇദ്ദേഹമാണ്. മിസ് ആറ്റിറ്റിയൂട് എന്ന സ്ഥാപനത്തിലൂടെ 1990-ലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് എത്തിയത്. റോള്‍സ് റോയിസ് ഗോസ്റ്റ് സീരിയസ്-2, ഫാന്റം-7 എന്നീ കാറുകളാണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുള്ളത്. ഇതിലേക്ക് ഇപ്പോള്‍ കള്ളിനനും എത്തിയിരിക്കുകയാണ്. 

Content Highlights: London based Indian businessman Reuben Singh buys new Rolls Royce Cullinan with new colour, Reuben Singh, Rolls Royce Cullinan