രമ്പരാഗത ഇന്ധനങ്ങളെ വിട്ട് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ് ലോകത്താകമാനമുള്ള വാഹന നിര്‍മാതാക്കള്‍. എന്നാല്‍, ഇതില്‍ നിന്നും ഒരുപടി കൂടി കടന്നിരിക്കുകയാണ് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്അപ്പ് ആയ ലൈറ്റ്ഇയര്‍. സോളാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഈ കമ്പനി ഒരുങ്ങുന്നത്. ഇതിനായി ഫിന്‍ലന്‍ഡ് ആസ്ഥാനമായ വാല്‍മെറ്റ് എന്ന കമ്പനിയുമായി കൂട്ടുക്കെട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ലൈറ്റ്ഇയര്‍. 

നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലൈറ്റ്ഇയര്‍. 2022 ജനുവരിയോടെ ഇരുകമ്പനികളുടെയും കൂട്ടുക്കെട്ടിലുള്ള പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു തവണ ബാറ്ററി നിറഞ്ഞാല്‍ 724 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. വാഹന നിര്‍മാണത്തിനായി വന്‍കിട കമ്പനികള്‍ പണം മുടക്കാന്‍ തയാറായിട്ടുണ്ടെന്നാണ് വിവരം. 

710 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ ലൈറ്റ്ഇയര്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് വിവരം. 60 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 3.5 കിലോവാട്ട് അവര്‍ സോളാര്‍ പാനലുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. രണ്ടാമത്തെ സോളാര്‍ പ്രോട്ടോടൈപ്പാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്നത്. ഈ മേഖലയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാല്‍മെറ്റ്. മെഴ്‌സിഡീസ്, പോര്‍ഷെ തുടങ്ങിയ കമ്പനിയുമായി ഇവര്‍ സഹകരിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് പ്രോട്ടോടൈപ്പ് മോഡലായ ലൈറ്റ്ഇയര്‍ വണ്‍ പ്രഖ്യാപിക്കുന്നത്. ഈ വാഹനത്തിന്റെ നിര്‍മാണത്തിന് വാല്‍മെറ്റ് പോലെയുള്ള കമ്പനിയുടെ സഹകരണം ഉറപ്പാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനിയുമായി സഹകരിക്കുന്നത് ലൈറ്റ്ഇയറിന് ഭാവിയിലും വലിയ നേട്ടങ്ങള്‍ നല്‍കുമെന്ന് ലൈറ്റ്ഇയര്‍ സ്ഥാപകന്‍ അഭിപ്രായപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി സിസ്റ്റത്തിന്റെ നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് വാല്‍മെറ്റ്. അതേസമയം, വാഹന നിര്‍മാണത്തിന്റെ പുതിയ മേഖലയിലേക്ക് കടക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലൈറ്റ്ഇയര്‍ പോലെയുള്ള കമ്പനിയുടെ നിര്‍മാണ പങ്കാളികള്‍ ആകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും വാല്‍മെറ്റ് ഓട്ടോമോട്ടീവ് കമ്പനിയുടെ മേധാവി അറിയിച്ചു.

Content Highlights: Lightyear and Wallmet Signed Agreement To Develop Solar Power Cars