ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിനായി ലെക്‌സസ്‌ ഗ്ലോബല്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വി NX 300h നവംബര്‍ 17-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ലെക്‌സസ് ഇങ്ങോട്ടെത്തിക്കുന്ന നാലാമത്തെ മോഡലാണിത്. RX 450h, ES 300h, LX 450d എന്നിവ നേരത്തെ ഇന്ത്യയിലേക്ക് കടല്‍കടന്നെത്തിയിരുന്നു. 

ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച NX 300h മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ത്യയിലെത്തുക. RX 450h ന് തൊട്ടുതാഴെയാകും ഇതിനുള്ള സ്ഥാനം. ഹൈബ്രിഡ് കരുത്താണ് വാഹനത്തെ മുന്നോട്ടു നയിക്കുക. ES 300h സെഡാന് സമാനമായി 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൈാപ്പം ഹൈബ്രിഡ് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. 194 പിഎസ് കരുത്തേകുന്നതാണ് ഈ എന്‍ജിന്‍. 

75 ലക്ഷം രൂപ മുതല്‍ 80 ലക്ഷം വരെയാകും പ്രീമിയം എസ്.യു.വിയുടെ വിപണി വില. പൂര്‍ണമായും നിര്‍മിച്ച ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാന്‍ കാരണം. വാഹനത്തിനുള്ള ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ഓഡി Q7, മെഴ്‌സിഡീസ് ബെന്‍സ് GLE, BMW X5 എന്നിവരാണ് എന്‍എക്‌സിനെ കാത്തിരിക്കുന്ന എതിരാളികള്‍. 

LX 300h

അത്യാഡംബരം തുളുമ്പുന്ന ലെക്‌സസ് മുഖഛായ ഈ എസ്.യു.വിയിലും പ്രകടമാണ്. രൂപത്തില്‍ അല്‍പം ചെറുതാണെങ്കിലും തനത് ലെക്‌സസ് ഗ്രില്‍ മാസീവ് രൂപം നല്‍കും. 10.3 ഇഞ്ച് മള്‍ട്ടിമീഡിയ ഹെഡ്അപ്പ് ഡിസ്‌പ്ലേ അകത്തളത്തുണ്ടാകും. ഈ മാസം മാര്‍ച്ചില്‍ പുറത്തിറക്കുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമേ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറു. 

Content Highlights: Lexus NX300h Hybrid SUV, Lexus NX300h, Lexus NX300h Hybrid, Lexus Small SUV, Lexux, NX300h