ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്.യു.വി NX 300h ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ചു. രണ്ടു വേരിയന്റുകളില്‍ വാഹനം നിരത്തിലെത്തും. എന്‍എക്‌സ് സ്റ്റാന്റേര്‍ഡിന് 53.18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില, എഫ് സ്‌പോര്‍ട്ട് പതിപ്പിന് 55.58 ലക്ഷം രൂപയും. കഴിഞ്ഞ മാസമാണ് NX 300h ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്, 2018 മാര്‍ച്ചോടെ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറും. 

2.5 ലിറ്റര്‍ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഒരു ഇലക്ട്രിക്ക് മോട്ടോറും ചേര്‍ന്നതാണ് വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 155 എച്ച്പി കരുത്തും ഇലക്ട്രിക്ക് മോട്ടോര്‍ 50 എച്ച്പി കരുത്തുമാണ് പുറത്തുവിടുന്നത്. രണ്ടുംകൂടി ചേരുമ്പോള്‍ 205 എച്ച്പി കരുത്ത് ലഭിക്കും. ഈ എഞ്ചിനോട് ഘടിപ്പിച്ചിട്ടുള്ളത് 6 സ്പീഡ് ഇസിവിടി ഗിയര്‍ബോക്സാണ്. ഇലക്ട്രിക്ക് ഫോര്‍വീല്‍ ഡ്രൈവാണ് എന്‍എക്സിലുള്ളത്. 18 കിലോമീറ്റര്‍ ഇന്ധന ക്ഷമത ലഭിക്കും. 1.5 കി.മി. പൂര്‍ണമായും ഇലക്ട്രിക്ക് മോട്ടോറില്‍ തന്നെ ചലിക്കാം.

ലക്സസിന്റെ ഏറ്റവും ആകര്‍ഷണമായ എസ്.യു.വി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മോഡലാണ് എന്‍എക്സ്. തന്റെ വലിയേട്ടനായ ആര്‍എക്സില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്നിട്ടുള്ള രൂപഘടനതന്നെയാണ് എന്‍എക്സിന്റെത്. എന്നാല്‍ എന്‍എക്സ് ആകാരത്തില്‍ ചെറുതായി തോന്നിക്കുന്നു. പുതിയ പ്രിന്റിങ് ഗ്രില്ല്, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ് ലൈറ്റ്‌, ഷാര്‍പ്പ് ലൈനുകള്‍, ക്രോസ് ഓവര്‍ പ്രപ്പോഷന്‍, പിന്നിലെ ലെസ്പര്‍ക്ക് ഡിസൈന്‍ ടെയില്‍ ലൈറ്റ് എന്നിവ എന്‍എക്സിനെ വേറിട്ടുനിര്‍ത്തും. 

NX 300h

ആഡംബരമൂര്‍ത്തി ലെക്സസിന്റെ അത്യാഡംബരം നിറഞ്ഞുനില്‍ക്കുന്നതാണ് എന്‍എക്സിന്റെ ഉള്‍വശം. പൂര്‍ണമായും ലതറില്‍ പൊതിഞ്ഞ ഉള്‍വശത്തില്‍ വ്യത്യസ്ത നിറവും ട്രിമ്മും ലക്ഷ്വറി, എഫ് സ്പോര്‍ട്ട് എന്നീ വ്യത്യസ്ത മോഡലില്‍ ലഭ്യമാണ്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ് വീലില്‍ എഫ് സ്പോര്‍ട്ടില്‍ വരുന്നത് വ്യത്യസ്തമായ രൂപമാണ്. ഡാഷിന്റെ നടുവില്‍ മുകളില്‍ ടിഎഫ്ടി സ്‌ക്രീനും അത് ഉപയോഗിക്കാന്‍ ടച്ച് പാടും വന്നിട്ടുണ്ട്. സ്വിച്ചുകള്‍ വളരെ വൃത്തിയായി സെന്റര്‍ കണ്‍സോളില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കാണ് സ്വിച്ചുകളെങ്കിലും ഗുണനിലവാരം ഉയര്‍ന്നതാണ്. 

360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മോണിറ്റര്‍, ഫുള്‍ കളര്‍ ഹെഡ്സ് അപ് ഡിസ്പ്ലേ, 10.3 ഇഞ്ച് സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്പ്ലേ, ലെക്സസിന്റെ ആദ്യ കിക്ക് സെന്‍സര്‍ ആക്ടിവേറ്റഡ് പവര്‍ റിയര്‍ ഡോര്‍, പവര്‍ ഫോള്‍ഡിങ്, പവര്‍ റിക്ലൈനിങ് പിന്‍സീറ്റുകള്‍, 14 സ്പീക്കറുകളുള്ള ക്ലാരിഫൈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഹൈഫൈ മാര്‍ക്ക് ലെവിങ്സണ്‍ സിസ്റ്റം എന്നിവ പുതിയ ലെക്സസിന്റെ പ്രത്യേകതകളാണ്. സീറ്റുകള്‍ വളരെ സുഖപ്രദമായിട്ടാണ് അണിയിച്ചൊരിക്കിയിട്ടുള്ളത്. മുന്‍സീറ്റുകളാണ് കൂട്ടത്തില്‍ ഏറ്റവും മികച്ചത്. ഈ സീറ്റുകളില്‍ തണുപ്പിക്കാനും ചൂടാക്കാനും ഉള്ള സംവിധാനമുണ്ട്. വലിയ ബൂട്ടും അതില്‍ പൂര്‍ണമായിട്ടുള്ള സ്പേയര്‍വീല്‍ വെക്കാനുള്ള സംവിധാനമുള്ളതും ഈ വിഭാഗത്തിലെ ആദ്യത്തെതാണ്. 

NX 300h

സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്., വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി തെഫ്റ്റ് സിസ്റ്റം എന്നിവയുമുണ്ട്. മുംബൈ, ന്യൂഡല്‍ഹി, ഗുഡ്ഗാവ്, ബെംഗളൂരു എന്നിവിടങ്ങളിലെ ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍ സെന്ററുകളിലും ലെക്സസിന്റെ അംഗീകൃത ഷോറൂമുകളായ ചണ്ഡിഗഢ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാഹനം ലഭ്യമാണ്. 

Content Highlights: Lexus NX 300h Prices Start At  53.18 Lakh