ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള പ്രീമിയം എസ്.യു.വി. റേഞ്ച് റോവര്‍ വെലാറിന്റെ 2021 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 79.89 ലക്ഷം രൂപ മുതലും ഡീസല്‍ എന്‍ജിന് 80.71 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. 

ആര്‍ ഡൈനാമിക് എസ് എന്ന വേരിയന്റിലാണ് ഈ വാഹനം എത്തുന്നത്. ഫ്യൂജി വൈറ്റ്, പോര്‍ട്ടോഫിനോ ബ്ലൂ, സാര്‍ട്ടോറിനി ബ്ലാക്ക്, സിലിക്കണ്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് 2021 മോഡല്‍ റേഞ്ച് റോവര്‍ വെലാര്‍ എത്തിയിട്ടുള്ളത്. മുന്‍തലമുറ മോഡലിനെക്കാളും സുരക്ഷിതവും സാങ്കേതികവിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതുമായിരിക്കും പുതിയ വെലാര്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

വെലാറിനെ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നതിനുള്ള ഫീച്ചറുകള്‍ നല്‍കിയതാണ് ഈ വരവിലെ പ്രധാന പുതുമ. 3D സറൗണ്ടഡ് ക്യാമറ, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, PM2.5ഫില്‍ട്ടര്‍ നല്‍കിയിട്ടുള്ള ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ തുടങ്ങിയവ വെലാറിന്റെ ഈ വരവിലെ ഹൈലൈറ്റുകളാണ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ എസ്.യു.വിയായാണ് 2021 വെലാര്‍ എത്തിയിട്ടുള്ളതെന്നാണ് കമ്പനിയുടെ വാദം.

മുന്‍ മോഡലില്‍ നിന്ന് ലുക്കില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വെലാര്‍ എത്തിയിട്ടുള്ളത്. ഗ്രില്ല്, ഹെഡ്‌ലാമ്പ് എന്നിവ മുന്‍ മോഡലില്‍ നിന്ന് കടം കൊണ്ടവയാണ്. അകത്തളത്തില്‍ 10.0 ഇഞ്ച് വലിപ്പമുള്ള പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 

2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വെലാര്‍ വിപണിയില്‍ എത്തുന്നുണ്ട്. ലാന്‍ഡ് റോവര്‍ ഇഞ്ചിനീയം ശ്രേണിയിലെ എന്‍ജിനുകളാണ് വെലാറിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന്‍ 247 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 177 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് രണ്ട് എന്‍ജിനിലുമുള്ള ട്രാന്‍സ്മിഷന്‍.

Content Highlights: Land Rover Range Rover Velar Launched In India