ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥയിലുള്ള ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി പെര്‍ഫോമെന്‍സ് എസ്.യു.വി. അവതരിപ്പിച്ചു. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്.യു.വിയുടെ എസ്.വി.ആര്‍. പതിപ്പാണ് ലാന്‍ഡ് റോവര്‍ പുതുതായി എത്തിച്ചിട്ടുള്ളത്. ലാന്‍ഡ് റോവര്‍ വാഹന നിരയിലെ ഏറ്റവും വേഗതയുള്ള വാഹനമായി എത്തിയിട്ടുള്ള ഈ എസ്.യു.വിക്ക് 2.19 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വിഭാഗമാണ് റേഞ്ച് റോവര്‍ എസ്.വി.ആര്‍. പതിപ്പ് വികസിപ്പിച്ചിട്ടുള്ളത്. ആര്‍.ആര്‍. സ്‌പോര്‍ട്‌സിന്റെ ആഡംബര ഭാവത്തിനൊപ്പം കരുത്തേറിയ എന്‍ജിനും നല്‍കിയാണ് ലാന്‍ഡ് റോവറിന്റെ ഈ കരുത്തന്‍ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്. യു.കെയിലെ കണ്‍വെന്‍ട്രിയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ലാന്‍ഡ് റോവറിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായി ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

മികച്ച പ്രകടനം ഉറപ്പാക്കുന്നതിനൊപ്പം റെഗുലര്‍ മോഡലുകളില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തിയാണ് ഈ വാഹനം എത്തിച്ചിട്ടുള്ളത്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി എയര്‍ ഇന്‍ടേക്കുകള്‍ നല്‍കി ഡിസൈന്‍ ചെയ്ത ബമ്പര്‍, എസ്.വി.ആര്‍. ബാഡ്ജിങ്ങ്, സ്‌പോര്‍ട്ടി ഭാവമുള്ള അലോയി വീല്‍ എന്നിവയാണ് പുതുമ നല്‍കുന്നത്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ലും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും മുഖഭാവത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. 

Range Rover SVR

സ്‌പോര്‍ട്‌സ് കാറുകളെ അനുസ്മരിപ്പിക്കുന്ന അകത്തളമാണ് എസ്.വി.ആര്‍. പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ഹൈ-ക്വാളിറ്റി വിന്‍ഡ്‌സോള്‍ ലെതറാണ് അകത്തളത്തെ അലങ്കരിക്കാന്‍ നല്‍കിയിട്ടുള്ളത്. ലെതര്‍ ആവരണമുള്ള പെര്‍ഫോമെന്‍സ് സീറ്റുകളും തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ്ങ് വീലും ഡാഷ്‌ബോര്‍ഡും ഡോര്‍പാഡുകളും ആഡംബര ഭാവം സമ്മാനിക്കുന്നുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവ മറ്റ് റേഞ്ച് റോവറിലേതിന് സമാനമാണ്. 

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന പെര്‍ഫോമെന്‍സും സ്പീഡും നല്‍കുന്ന വാഹനമാണ് എസ്.വി.ആര്‍. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 567 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ്‌ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടറാണ് ഗിയര്‍ബോക്‌സ്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററാണ്.

Content Highlights: Land Rover Performance SUV Range Rover SVR Launched In India