ലാന്‍ഡ് റോവര്‍ എന്ന ആഡംബരം അന്യമായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ലാന്‍ഡ് റോവറിന്റെ കൂടെ ഉടമയായ ടാറ്റ, ഹാരിയര്‍ അവതരിപ്പിച്ചത്. നിര്‍മാതാക്കള്‍ പോലും അമ്പരന്ന വിജയമാണ് ഈ വാഹനം നല്‍കിയത്. ഈ വിജയം ആവര്‍ത്തിക്കാന്‍ ലാന്‍ഡ് റോവറും ഹാരിയറിന്റെ പ്ലാറ്റ്‌ഫോമില്‍ ഒരു വാഹനമെത്തിക്കുകയാണ്.
കുറഞ്ഞ വിലയിലുള്ള എസ്‌യുവി എന്ന ആശയവുമായാണ് ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന ഒമേഗ പ്ലാറ്റ്‌ഫോമില്‍ ലാന്‍ഡ് റോവര്‍ എല്‍860 എന്ന എസ്‌യുവി നിര്‍മിക്കുന്നത്. നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്ന ഈ വാഹനം 2021-ഓടെ ഇന്ത്യന്‍ നിരത്തുകളിലുള്‍പ്പെടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിനുതകുന്ന പ്ലാറ്റ്‌ഫോമാണിതെന്നാണ് ഹാരിയര്‍ നിരത്തിലെത്തിയ കാലയളവില്‍ ടാറ്റ അറിയിച്ചിരുന്നത്. എന്നാല്‍, കരുത്തേറിയ സ്റ്റീലില്‍ ഒരുങ്ങിയിട്ടുള്ള ഈ പ്ലാറ്റ്‌ഫോം ഇലക്ട്രിക് വാഹനങ്ങള്‍ അടിസ്ഥാനമൊരുക്കാന്‍ ശേഷിയുള്ളതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനോട് സാമ്യമുള്ള രൂപമായിരിക്കും എല്‍860-ക്ക് എന്നാണ് സൂചന. ഇതിനൊപ്പം ശക്തമായ സുരക്ഷാ സംവിധാനങ്ങളും സുഖയാത്ര ഒരുക്കുന്ന ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തും. ഹാരിയറില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ മികച്ച സസ്‌പെന്‍ഷനും മറ്റ് മെക്കാനിക്കല്‍ സംവിധാനങ്ങളും എല്‍860-ല്‍ ഒരുങ്ങും.
ഹൈബ്രിഡ് സംവിധാനങ്ങളുള്ള 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഹാരിയറിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുമെങ്കിലും വില ഹാരിയറിനെക്കാള്‍ കൂടുതലായിരിക്കും. 12.99 ലക്ഷം രൂപയിലായിരിക്കും വില തുടങ്ങുകയെന്നാണ് സൂചന.
Content Highlights: Land Rover Make SUV In Harrier Platform