ലാൻഡ് റോവർ ഡിഫൻഡർ | Photo: Land Rover India
ഇന്ത്യയിലെ ലാന്‍ഡ് റോവര്‍ ആരാധകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഡിഫന്‍ഡര്‍ എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. ത്രീ ഡോര്‍, ഫൈവ് ഡോര്‍ മോഡലുകളിലായി അഞ്ച് വേരിയന്റുകളിലെത്തുന്ന ഈ എസ്.യു.വിക്ക് യഥാക്രമം 73.98 ലക്ഷം രൂപയും 79.94 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ പ്രാരംഭവില. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വില 69.99 ലക്ഷം രൂപയായിരുന്നു.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തുക. ഈ എസ്.യു.വിയുടെ അഞ്ച് ഡോര്‍ മോഡല്‍ ഉടന്‍ ഡെലിവറി ആരംഭിക്കുമെങ്കിലും മൂന്ന് ഡോര്‍ അല്‍പ്പം വൈകുമെന്നാണ് സൂചന.
മുന്‍ മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്.യു.വി ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഡി.സി 100 കണ്‍സെപ്റ്റില്‍ മോഡലിനോടും സാമ്യം തോന്നുന്ന ഡിസൈനാണ്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍വേസുമാണ് ഡിഫന്‍ഡറിലുള്ളത്.
ഒറ്റനോട്ടത്തില്‍തന്നെ കരുത്തന് പരിവേഷം പുതിയ ഡിഫന്‍ഡറിനുണ്ട്. സ്പോര്‍ട്ടി ബംമ്പര്‍, ചരുതാകൃതിയിലുള്ള ഹെഡ്ലാമ്പ്, ചെറുതെന്ന് തോന്നിക്കുന്ന ബോണറ്റ് എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. വിന്‍ഡോയില്‍ നല്‍കിയിട്ടുള്ള അലുമിനിയം ഫ്രെയിമും സ്പ്ലിറ്റ് ടെയ്ല് ലാമ്പും ഐതിഹാസിക ഡിഫന്‍ഡറിനെ ഓര്‍മപ്പെടുത്തുന്നതാണ്. സിംപിള്‍ ഡിസൈനിലാണ് അലോയി വീല്‍ ഒരുങ്ങിയിരിക്കുന്നത്.
പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന സവിശേഷത. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തിലെത്തിയിട്ടുള്ളത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്.
Content Highlights: Land Rover Launch Defender SUV In India Price Starts From 73.98 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..