ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ജാഗ്വര്‍ നിരത്തിലെത്തിച്ച എഫ്-പേസിന്റെ പുതിയ മോഡല്‍ ഒരുങ്ങുന്നു. ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ തദ്ദേശിയമായി നിര്‍മിച്ച എഫ്-പേസ് ഇഞ്ചിനീയം പൂണെയിലാണ് പുറത്തിറക്കിയത്. 

ബോഡിയുടെ 80 ശതമാനവും അലുമിനിയത്തില്‍ നിര്‍മിച്ചിരിക്കുന്നെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ജാഗ്വര്‍ വാഹനങ്ങളുടെ തനത് ഡിസൈനിലുള്ള ഗ്രില്ല്, നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പ്ഡ് ഡിആര്‍എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബമ്പറിന്റെ താഴെയായി വീതി കുറഞ്ഞ ഫോഗ് ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. 

ഇന്റീരിയറിലും ഏറെ പുതുമകള്‍ ജാഗ്വര്‍ അവകാശപ്പെടുന്നുണ്ട്. കോക്ക്പിറ്റ് സമാനമായ ഇന്റീരിയറില്‍ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വൈ-ഫൈ സ്‌പോട്ട്, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. 

F-Pase

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റാന്റേഡ് ഫീച്ചറുകള്‍ക്കൊപ്പം പാര്‍ക്ക് അസിസ്റ്റന്‍സ്, ലെയ്ന്‍ കണ്‍ട്രോള്‍ അസിസ്റ്റ്, 360 ഡിഗ്രി പാര്‍ക്കിങ് സെന്‍സര്‍, എന്നിവയും പുതുതായി എത്തുന്ന എഫ്-പേസില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ട് ലിറ്റര്‍ ഇന്‍ജെയിയം പെട്രോള്‍ എന്‍ജിനിലാണ് ഇന്ത്യന്‍ നിര്‍മിത എഫ്-പേസ് നിരത്തിലെത്തുന്നത്. 1999 സിസിയില്‍ 184 പിഎസ് പവറും 369 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ജഗ്വാര്‍ എഫ്-പേസ് ഇഞ്ചിനിയം പെട്രോള്‍ മോഡലിന് 63.17 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില.