121 ടണ്‍ (121000 കിലോഗ്രാം) ഭാരമുള്ള റോഡ് ട്രെയിന്‍ 16 കിലോമീറ്റര്‍ ദൂരം വലിച്ച് ഓടിച്ചുകൊണ്ട് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 2018-ല്‍ വരാന്‍ പോകുന്ന പുതിയ മോഡലിന്റെ ആഗമനം ലോകത്തെ അറിയിച്ചു. മൂന്നര ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളെ വലിക്കാന്‍ മാത്രം അനുവദനീയ ശേഷിയുള്ള ഡിസ്‌കവറി എച്ച്എസ്ഇ ടിഡി6 ആണ് പ്രഖ്യാപിതശേഷിയുടെ 30 ഇരട്ടിയിലേറെ ഭാരം വലിച്ച് അത്ഭുതം പ്രവര്‍ത്തിച്ചത്.
വടക്കന്‍ ഓസ്‌ട്രേലിയയിലെ ലാസ്സറ്റര്‍ ഹൈവേയിലൂടെയായിരുന്നു ഡിസ്‌കവറിയുടെ അത്ഭുതപ്രകടനം. തീവണ്ടിയില്‍ എഞ്ചിന് പിറകെ കോച്ചുകള്‍ ഘടിപ്പിക്കുന്നത് പോലെ ട്രക്ക് എഞ്ചിന് പിന്നില്‍ ട്രെയിലറുകള്‍ ഘടിപ്പിച്ചതാണ് റോഡ് ട്രെയിന്‍. ഓസ്‌ട്രേലിയന്‍ നിയമമനുസരിച്ച് ഒരു വണ്ടിയില്‍ ഇത്തരം നാല് ട്രെയിലറുകള്‍ മാത്രമേ പാടുള്ളു. റോഡ് ട്രെയിനിന് പരമാവധി 53.5 മീറ്റര്‍ നീളവും. ഏഴ് ട്രെയിലറുകള്‍ ഘടിപ്പിച്ച, 100 മീറ്റര്‍ നീളമുള്ള വാഹനം പരീക്ഷണത്തിന് ഉപയോഗിക്കാന്‍ അധികൃതരുടെ പ്രത്യേക അനുമതി ലാന്‍ഡ് റോവര്‍ നേടിയിരുന്നു.
ചരക്ക് നീക്കത്തിന്റെ മേഖലയില്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കമ്പനിയായ ജി&എസ് ട്രാന്‍സ്‌പോര്‍ട്ടിന്റെ റോഡ് ട്രെയിനാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഡിസ്‌കവറിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്നത് ജി&എസ്സിന്റെ മാനേജിങ് ഡയറക്ടര്‍ തന്നെയായ ജോണ്‍ ബിലാറ്റോയും.

'ലാന്‍ഡ് റോവര്‍ ഈ ആവശ്യവുമായി എന്ന ബന്ധപ്പെട്ടപ്പോള്‍ അവരുടെ വാഹനത്തിന് അത് കഴിയുമോ എന്നെനിക്ക് സംശയമായിരുന്നു. ഡിസ്‌കവറി ഇത്ര അനായാസം ഈ ഭീമന്‍ റോഡ് ട്രെയിന്‍ വലിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇത്രയും ഭാരം വലിച്ചുകൊണ്ട് ഓടുമ്പോഴും സുഗമമായി ഗിയര്‍ മാറ്റാന്‍ കഴിയുന്നതും മതിപ്പ് ഉണ്ടാക്കുന്ന കാര്യമാണ്', ബിലാറ്റോ തന്നെ പിന്നീട് പറഞ്ഞു.
ആകെ 110 ടണ്‍ ആയിരുന്നു റോഡ് ട്രെയിനിന്റെ ഭാരം, ബാക്കിയുള്ള 11 ടണ്‍ വാഹനത്തില്‍ കയറ്റിയ ലോഡും. 254 എച്ച്പി 3.0 ലിറ്റര്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഡിസ്‌കവറി പൂര്‍ണമായും നിശ്ചലാവസ്ഥയിലുള്ള റോഡ് ട്രെയിനിനെ മുന്നോട്ട് നീക്കി എന്ന് മാത്രമല്ല 44 കിലോമീറ്റര്‍ വേഗത്തില്‍ 16 കിലോമറ്റര്‍ ഓടുകയും ചെയ്തു.
മറ്റ് ഘനവാഹനങ്ങളെ കെട്ടിവലിക്കാനുള്ള ശേഷി ഡിസ്‌കവറിയുടെ ജനിതകത്തിൽ തന്നെയുണ്ട്. 1989-ല്‍ ആദ്യത്തെ ഡിസ്‌കവറി ഒരു തീവണ്ടിയെഞ്ചിനാണ് പാളങ്ങളിലൂടെ വലിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസ്‌കവറി സ്‌പോര്‍ട് റൈന്‍ നദിക്ക് മുകളില്‍ 85 അടി ഉയരത്തിലുള്ള തീവണ്ടിപ്പാലത്തിലൂടെ മൂന്ന് ട്രെയിന്‍ കമ്പാര്‍ട്‌മെന്റുകളും വലിച്ചാണ് ഓടിയത്.
