ടിമുടി പുതിയ രൂപത്തില്‍ 2017 ഡിസ്‌കവറി എസ്.യു.വി നേരത്തെ നിശ്ചയിച്ചതിനും മുമ്പെ ആഗ്‌സ്ത് 9-ന് ലാന്‍ഡ് റോവര്‍ പുറത്തിറക്കും. മൂന്നു ലക്ഷം രൂപ നല്‍കി രാജ്യത്തെ എല്ലാ ലാന്‍ഡ് റോവര്‍ ഷോറൂമുകളില്‍നിന്നും അഞ്ചാം തലമുറ ഡിസ്‌കവറി പ്രീ-ബുക്ക് ചെയ്യാം. വില ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഔഡി Q7, ബെന്‍സ് GLS, വോള്‍വോ XC90  എന്നിവയ്ക്ക് മികച്ച എതിരാളിയായി എത്തുന്ന ഡിസ്‌കവറിക്ക് ഏകദേശം 70-80 ലക്ഷത്തിനുള്ളിലാകും വിപണി വില. 2014 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിച്ച ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഡിസ്‌കവറിയുടെ നിര്‍മാണം. 

Land Rover Discory

1989-ല്‍ ആണ് ഡിസ്‌കവറിയെന്ന സെവന്‍ സീറ്റര്‍ എസ്.യു.വി.യെ ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്നത്. സെവന്‍ സീറ്റര്‍ എസ്.യു. വി.യുകളുടെ വന്‍കിട ബ്രാന്‍ഡായിരുന്നു അന്ന് ലാന്‍ഡ്‌റോവര്‍. 1998-ല്‍ രണ്ടാം തലമുറയും 2004-ല്‍ മൂന്നാം തലമുറ ഡിസ്‌കവറിയും റോഡിലിറങ്ങി. തുടര്‍ന്ന് നാലാം തലമുറ എത്തിയത് 2010-ല്‍ ആയിരുന്നു. ഏറെ മാറ്റങ്ങളുമായി ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത് 2014-ലെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലായിരുന്നു. കഴിഞ്ഞവര്‍ഷം യു.കെ.യില്‍ ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിക്കപ്പെട്ടു. തൊട്ടുപിന്നാലെ പാരീസ് മോട്ടോര്‍ ഷോയില്‍  അഞ്ചാം തലമുറ ഡിസ്‌കവറിയുടെ ആഗോളപ്രവേശം പ്രഖ്യാപിക്കപ്പെട്ടു. 

ഇതും കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് അഞ്ചാമന്‍ ഡിസ്‌കവറി ഇന്ത്യയിലേക്ക് വരുന്നത്. നാളിതുവരെ ഏകദേശം പന്ത്രണ്ടു ലക്ഷത്തോളം ഡിസ്‌കവറികള്‍ ലോകത്തെ നിരത്തുകളില്‍ പായുന്നുണ്ട്. അലുമിനിയം മോണോകോക്ക് ബോഡിയില്‍ നിര്‍മിച്ച പുതിയ ഡിസ്‌കവറിക്ക് പിന്‍മുറക്കാരനേക്കാള്‍ ഭാരം കുറവാണ്. എന്നാല്‍ ബോഡിക്ക് കരുത്ത് കൂടുതലുമാണ്. അകത്തും മാറ്റങ്ങളേറെ കൊണ്ടുവന്നിട്ടുണ്ട്. ഇന്റലിജന്റ് സീറ്റ് ടെക്‌നോളജിയാണ് അതിലൊന്ന്. രണ്ടും മൂന്നും റോ സീറ്റുകള്‍ പിന്നിലെ ബട്ടണുപയോഗിച്ച് ക്രമീകരിക്കാന്‍ കഴിയും. 

2017 Discovery

സ്മാര്‍ട്ട് ഫോണുപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഇന്‍ കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെറീഡിയന്‍ ഡിജിറ്റല്‍ സൗണ്ട് സിസ്റ്റത്തിന്റെ പതിനാല് സ്പീക്കറുകള്‍, നാല് പന്ത്രണ്ടു വോള്‍ട്ടിന്റെ ചാര്‍ജിങ് പോയിന്റുകള്‍ എന്നിവ പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യയ്ക്കായി  എസ്.ഐ. 6, ടി.ഡി.വി. 6 എന്നീ എന്‍ജിനുകളായിരിക്കും ഉണ്ടാവുക. പെട്രോളില്‍ സൂപ്പര്‍ ചാര്‍ജ്ഡ് 3.0 ലിറ്റര്‍ എന്‍ജിനായിരിക്കും. ഇത് 335 ബി.എച്ച്.പി. കരുത്തും 450 എന്‍.എം. പരമാവധി ടോര്‍ക്കും നല്‍കും. സിക്സ് സിലിന്‍ഡര്‍ ടി.ഡി. 6 ഡീസല്‍ എന്‍ജിന്‍ 254 ബി.എച്ച്.പി. കരുത്തും 600 എന്‍.എം. പരമാവധി ടോര്‍ക്കും നല്‍കും.