നിരത്തുകളില്‍ സൂപ്പര്‍ സ്റ്റാറായി വിലസുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്.യു.വിയെ തേടി പുതിയ അംഗീകാരം കൂടി. ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ഡിഫന്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ തനതായി ഡിസൈന്‍ ശൈലി, മികച്ച ഓഫ് റോഡ് കരുത്ത്, ഓണ്‍റോഡ് ഡൈനാമിക്‌സ്, കണക്ടിവിറ്റി സംവിധാനങ്ങള്‍ തുടങ്ങിയവയേയും വിധി കര്‍ത്താക്കള്‍ പ്രത്യകം പരാമര്‍ശിച്ചു.

മൂന്നാം തവണയാണ് ലാന്‍ഡ് റോവറിന്റെ വാഹനത്തിന് ഡിസൈന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്നത്. 2018-ല്‍ റേഞ്ച് റോവറും, 2012-ല്‍ റേഞ്ച് റോവര്‍ ഇവോക്കും ഈ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, 4x4 വിഭാഗത്തില്‍ ആദ്യമായാണ് ലാന്‍ഡ് റോവര്‍ ഈ അംഗീകാരം സ്വന്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ നിരത്തുകളില്‍ എത്തിയ പുതിയ കാറുകളെയാണ് വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡിനായി പരിഗണിച്ചിരുന്നത്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി വാഹന നിര്‍മാണ രംഗത്ത് ശക്തമായ സാന്നിധ്യമായിട്ടുള്ള ലാന്‍ഡ് റോവര്‍, ഈ പാരമ്പര്യം കാത്ത് സൂക്ഷിച്ചാണ് പുതിയ ഡിഫന്‍ഡര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള ഫീച്ചറുകള്‍ ഒരുക്കിയുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഐതിഹാസികമായി മാറിയിട്ടുള്ള പേരും, വാഹനത്തിന്റെ രൂപവും, കാര്യക്ഷമതയുമെല്ലാം പുതിയ തലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. 

Land Rover Defender

കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറിലാണ് പുതിയ ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. ഐതിഹാസിക ഡിഫന്‍ഡറിന് സമാനമായി ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്.യു.വി ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്. പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ളവ പുതുതലമുറ ഭാവം ഒരുക്കുന്നുണ്ട്.

ഓഫ് റോഡ് കപ്പാസിറ്റിയുള്ള ഈ എസ്.യു.വി. രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 292 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകും, 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 394 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Land Rover Defender Gets World Car Design Of The Year Award