ലാന്‍ഡ് റോവര്‍ വാഹനങ്ങളിലെ കരുത്തിന്റെ പ്രതീകമാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഈ വാഹനത്തെ രാജ്യത്തെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ച്. 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തിയ ഈ വാഹനത്തിന്റെ ഡീസല്‍ പതിപ്പും ലാന്‍ഡ് റോവര്‍ എത്തിച്ചിരിക്കുകയാണ്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിന്റെ ഡീസല്‍ പതിപ്പ് എത്തിയിട്ടുള്ളത്. 

മൂന്ന് ഡോര്‍, അഞ്ച് ഡോര്‍ എന്നീ രണ്ട് പതിപ്പുകളില്‍ ഡിഫന്‍ഡര്‍ 90 ഡി300, 110 ഡി300 എന്നിങ്ങനെയാണ് ഡിഫന്‍ഡര്‍ ഡീസല്‍ എത്തുന്നത്. രണ്ട് മോഡലുകള്‍ക്കും SE, HSE, X-ഡൈനാമിക് HSE, X എന്നീ നാല് വേരിയന്റുകളാണുള്ളത്. 90 ഡി300 മോഡലുകള്‍ക്ക് 94.36 ലക്ഷം രൂപ മുതല്‍ 1.08 കോടി രൂപ വരെയും 110 ഡി300 മോഡലുകള്‍ക്ക് 97.03 ലക്ഷം രൂപ മുതല്‍ 1.08 കോടി രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ ഷോറും വിലകള്‍.

3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 402 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഡിഫന്‍ഡര്‍ 90 കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. ഡിഫന്‍ഡര്‍ 110 ഏഴ് സെക്കന്റിലും 100 കിലോമീറ്റര്‍ വേഗത നേടും.

ഡിസൈന്‍ സംബന്ധമായി മാറ്റമില്ലാതെയാണ് ഡീസല്‍ പതിപ്പ് എത്തിയിട്ടുള്ളത്. സ്പോര്‍ട്ടി ബംമ്പര്‍, ചരുതാകൃതിയിലുള്ള ഹെഡ് ലാമ്പ്‌, ചെറുതെന്ന് തോന്നിക്കുന്ന ബോണറ്റ് എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. വിന്‍ഡോയില്‍ നല്‍കിയിട്ടുള്ള അലുമിനിയം ഫ്രെയിമും സ്പ്ലിറ്റ് ടെയ്ല്‍ ലാമ്പും ഐതിഹാസിക ഡിഫന്‍ഡറിനെ ഓര്‍മപ്പെടുത്തുന്നതാണ്. സിംപിള്‍ ഡിസൈനിലാണ് അലോയി വീല്‍ ഒരുങ്ങിയിരിക്കുന്നത്. പിന്‍ഭാഗവും സ്‌പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നതാണ്.

പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന സവിശേഷത. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്. D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയാണ് പുതിയ ഡിഫന്‍ഡറിന് അടിസ്ഥാനമൊരുക്കിയിട്ടുള്ളത്.

Content Highlights: Land Rover Defender Diesel Model Launched In India