പാരമ്പര്യം കൊണ്ടും കരുത്ത് കൊണ്ടും പ്രശസ്തി നേടിയ വാഹനമാണ് അടുത്തിടെ നിരത്തുകളിലെത്തിയ ആഡംബര എസ്.യു.വി മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. എന്നാല്‍, ഈ വാഹനം പൂര്‍ണമായും സുരക്ഷിതമാണെന്നും തെളിയിച്ചിരിക്കുകയാണ്. യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഡിഫന്‍ഡര്‍ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 85 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 79 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 71 ശതമാനവും മാര്‍ക്ക് നേടിയാണ് ഈ വാഹനം സുരക്ഷ തെളിയിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഡീസല്‍ വേരിയന്റായ എസ്.ഇ ആണ് ക്രാഷ് ടെസ്റ്റിനെത്തിയത്. ഈ റിസള്‍ട്ട് ഇന്ത്യയിലെത്തുന്ന ഡിഫന്‍ഡറിനും ബാധകമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
വാഹനത്തിലുള്ളവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു ഈ വാഹനത്തിന്റെ നിര്‍മാണ വേളയില്‍ പ്രധാന ലക്ഷ്യം. ഇത് പൂര്‍ണമായും വിജയം കണ്ടെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ക്രാഷ് ടെസ്റ്റ് ഫലം തെളിയിച്ചിരിക്കുന്നത്. ഈ നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എന്‍ജിനിയറിങ്ങ് വിഭാഗം മേധാവി അഭിപ്രായപ്പെട്ടു.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍വേസുമാണ് ഡിഫന്‍ഡറിലുള്ളത്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തിലെത്തിയിട്ടുള്ളത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്.
Content Highlights: Land Rover Defender Achieve Five Star Rating In Euro NCAP Crash Test