ഴിഞ്ഞ വര്‍ഷമായിരുന്നു 'ഡിഫന്‍ഡറി'ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയിലെത്തിയത്. അഞ്ചു ഡോറുള്ള 'ഡിഫന്‍ഡര്‍ 110' ആയിരുന്നു അത്. പുതിയ രൂപവും ഭാവവുമെല്ലാം വന്നപ്പോള്‍ 'ഡിഫന്‍ഡര്‍ 110' ഹിറ്റായി. ഈ വിജയത്തിനുശേഷം ഇപ്പോഴിതാ 'ഡിഫന്‍ഡറി'ന്റെ കുഞ്ഞന്‍ പതിപ്പുമായി വീണ്ടുമെത്തുകയാണ് 'ലാന്‍ഡ്‌റോവര്‍'.

 'ഡിഫന്‍ഡര്‍-90' ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തിലേക്കെത്തിയത്. 'ഡിഫന്‍ഡര്‍-90' ഇന്ത്യയ്ക്കായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും വില്‍പ്പന ഇപ്പോഴാണ് ആരംഭിക്കുന്നതെന്നു മാത്രം. 76.57 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് വില.

പ്രധാന ആകര്‍ഷണം

കാഴ്ചയില്‍, മോഡല്‍ 110-ന് സമാനമായി തോന്നുന്നുവെങ്കിലും രണ്ടാമത്തെ വരി നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും വീല്‍ബേസ് കുറയും. എന്നാല്‍, അത്‌ ഉള്ളിലറിയാത്ത വിധത്തിലാണ് രൂപകല്‍പ്പന. മുന്നിലെ രണ്ട് സീറ്റുകള്‍ക്ക് പുറമെ സെന്‍ട്രല്‍ കണ്‍സോള്‍ ജമ്പ് സീറ്റാക്കി മാറ്റി. പിന്നിലാകട്ടെ മുഖത്തോടുമുഖം നാലുപേര്‍ക്ക് കൈയും കെട്ടിയിരിക്കാം. എന്നാല്‍, സാഹസിക യാത്രക്കള്‍ക്കായി പോകുമ്പോള്‍ സാധനങ്ങള്‍ കൂട്ടിയിടാനുള്ള സ്ഥലമായേ കമ്പനി ഇതിനെ കാണുന്നുള്ളു. രണ്ടുപേര്‍ക്കുള്ള യാത്രാവാഹനം എന്നതാണ് 'ഡിഫന്‍ഡര്‍-90' കൊണ്ട് ഉദ്ദേശിക്കുന്നത്.

കരുത്താണ് ഗാരന്റി

എവിടേയും ധൈര്യത്തില്‍ കൂടെക്കൂട്ടാനാകുന്ന കരുത്താണ് ഗാരന്റി. കാരണം, മൂന്നു പവര്‍ ട്രെയിന്‍ ഓപ്ഷനുകളാണ് ലാന്‍ഡ്‌റോവര്‍ നല്‍കുന്നത്, രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനും. മൂന്നും കരുത്തിന്റെ കാര്യത്തില്‍ മത്സരിക്കും. 296 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 പെട്രോള്‍, 394 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ പെട്രോള്‍, 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണിവ.

ഓഫ്റോഡ് ഡ്രൈവില്‍ വ്യത്യസ്ഥ പാതകള്‍ക്കായി വാഹനത്തെ ക്രമീകരിക്കാനാവുന്ന ടെറൈന്‍ റെസ്പോണ്‍സാണിതിലെ കേമന്‍. വെള്ളക്കെട്ടുകളിലൂടെയും മറ്റുമുള്ള യാത്രയ്ക്കായി വെയ്ഡ് പ്രോഗ്രാമും ടെറൈന്‍ റെസ്പോണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറംമോടിയില്‍ ആദ്യമെത്തിയ ഡിഫന്‍ഡറിന് സമാനമാണ് ഡിഫന്‍ഡര്‍-90. ഇന്‍ഫോടെയ്ന്‍മെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി ഇന്റീരിയറിലെ മറ്റ് ഫീച്ചറുകളെല്ലാം തന്നെ ഡിഫന്‍ഡര്‍ 110-ന് സമാനമായാണ് ഒരുങ്ങിയിട്ടുള്ളത്.

Content Highlights: Land Rover Defender 90 SUV; A Complete Off Road Vehicle