സിനിമാ ആസ്വാദകരും വണ്ടിപ്രാന്തന്മാരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് ജെയിംസ് ബോണ്ട് സിനിമകള്‍. ഈ സീരീസിലേക്ക് പുതുതായെത്തുന്ന നോ ടൈം ടു ഡൈ എന്ന സിനിമയും വാഹനാഭ്യാസത്തിൽ ഒട്ടും പിന്നിലല്ല. ഇത്തവണ അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീനില്‍ നിറയുന്നത് വാഹനപ്രേമികള്‍ കാത്തിരിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 കരുത്തനാണ്. 

സിനിമ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ഇതിലെ വാഹനാഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ലാന്‍ഡ് റോവര്‍. 007 സീരീസില്‍ പത്ത് ഡിഫന്‍ഡര്‍ 110 ആണ് വാഹനാഭ്യാസത്തിന് ഉപയോഗിച്ചിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് പറന്നെത്തി വ്യത്യസ്ത പ്രതലങ്ങളിലൂടെ ചേസ് ചെയ്യുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. 

ഹോളിവുഡിലെ സ്റ്റണ്ട് കോഡിനേറ്റര്‍ ലീ മോറിസണും ഓസ്‌കാര്‍  ജേതാവായ ആക്ഷന്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ക്രിസ് കോര്‍ബോള്‍ഡും ചേര്‍ന്നാണ് ഡിഫന്‍ഡറിലുള്ള സ്റ്റണ്ട് സീന്‍ ഒരുക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ക്ക് ശാരീരിക ആഘാതം കുറയ്ക്കാന്‍ റോള്‍ കേജുകള്‍ നല്‍കിയതൊഴിച്ചാല്‍ ഈ വാഹനങ്ങള്‍ റെഗുലര്‍ ഡിഫന്‍ഡറിന് സമാനമാണെന്ന് ലാന്‍ഡ് റോവര്‍ മേധാവി നിക് കോളിന്‍സ് പറഞ്ഞു.

സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുള്ളതിന് സമാനമായ ഡിഫന്‍ഡറാണ് ഈ വര്‍ഷം നിരത്തുകളിലെത്തുന്നത്. 67 വര്‍ഷം റോഡുകളിലും ഓഫ് റോഡുകളിലും ഒരുപോലെ കുതിച്ചിരുന്ന ഡിഫന്‍ഡര്‍ 2016-ലാണ് നിരത്തൊഴിഞ്ഞത്. എന്നാല്‍, മുമ്പുണ്ടായിരുന്ന ഡിഫന്‍ഡറിന്റെ പ്രത്യേകതകള്‍ നിലനിര്‍ത്തി ആധുനിക സംവിധാനങ്ങള്‍ പുതുതായി നല്‍കിയാണ് ഇത്തവണ എത്തുന്നത്. 

പുതിയ 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പുറമേ, 3.0 ലിറ്റര്‍ പ്ളഗ് ഇന്‍ ഹൈബ്രിഡും ഇത്തവണ ഡിഫന്‍ഡറിനുണ്ട്. 2.0 ലിറ്റര്‍ എന്‍ജിനുകള്‍ക്ക് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് എയര്‍ സസ്പെന്‍ഷനും പുതിയ ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റവുമാണ് ഇതിലുള്ളത്. 900 കിലോ വരെ ഭാരംവഹിക്കാവുന്നതും 3720 കിലോ വരെ വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയും പുതിയ ഡിഫന്‍ഡറിനുണ്ട്.

Source: NDTV Car and Bike

Content Highlights: Land Rover Defender 110 Stunt In James Bond Movie