ഡംബര വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എസ്‌യുവി മോഡലുകളായ റേഞ്ച് റോവര്‍ ഇവോക്, ഡിസ്‌കവറി വാഹനങ്ങളുടെ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്തി തുടങ്ങി. എസ്, ആര്‍ ഡൈനാമിക് എസ്ഇ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഇവോകിന 57.99 ലക്ഷം രൂപ മുതലും ഡിസ്‌കവറി സ്‌പോട്ടിന് 59.99 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറും വില. 

ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഇഞ്ചനീയം പെട്രോള്‍ എന്‍ജിനാണ് രണ്ട് എസ്‌യുവികള്‍ക്കും കരുത്തേകുന്നത്. ഇത് 247 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി 40 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ്-ഹൈബ്രിഡ് മോട്ടോറും ഇതില്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയതിന് പുറമെ, നിരവധി ഫീച്ചറുകളും ഈ രണ്ട് എസ്‌യുവികളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ക്യാബിന്‍ എയര്‍ അയണൈസേഷന്‍, ക്ലിയര്‍ സൈറ്റ് റിയര്‍വ്യൂ മിറര്‍, ഇന്‍-കണ്‍ട്രോൾ ടച്ച് പ്രോ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ, ടെറൈന്‍ റെസ്‌പോണ്‍സ്-2 തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തവണ ഈ മോഡലുകളില്‍ അധികമായി നല്‍കിയിട്ടുള്ളത്. 

ക്യാബിന്‍ എയര്‍ അയണൈസേഷന്‍- വാഹനത്തിന്റെ ക്യാബിനുള്ളിലെ മലിനീകരണങ്ങളും മറ്റും ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ സഹായത്തോടെ ഇല്ലാതാക്കുന്ന സംവിധാനമാണ് ക്യാബിന്‍ എയര്‍ അയണൈസേഷന്‍. 

ക്ലിയര്‍സൈറ്റ് റിയര്‍വ്യൂ മിറര്‍- പിന്‍ഭാഗത്ത് നിന്നുള്ള കാഴ്ചകള്‍ കൂടുതല്‍ വ്യക്തമായി ലഭിക്കുന്നതിന് വാഹനത്തിന് മുകളില്‍ നല്‍കിയിട്ടുള്ള ക്യാമറയാണിത്. റിയര്‍വ്യൂ മിററില്‍ നല്‍കിയിട്ടുള്ള സ്വിച്ച് ഓണ്‍ ചെയ്താലാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുന്നത്. 

ഇന്‍-കണ്‍ട്രോല്‍ ടച്ച് പ്രോ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ- ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ കണ്‍ട്രോള്‍ ടച്ച് പ്രോ രണ്ട് എസ്‌യുവികളിലും സ്റ്റാന്റേഡായി നല്‍കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന വേരിയന്റില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന രണ്ട് ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള ടച്ച് പ്രോ ഡ്യുവോ സംവിധാനമാണുള്ളത്. 

ടെറൈന്‍ റെസ്‌പോണ്‍സ് 2- വാഹനം സഞ്ചരിക്കുന്ന പ്രതലത്തിനനുസരിച്ച് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ടോര്‍ക്ക് ഡെലിവറി ക്രമീകരിക്കുന്ന സംവിധാനമാണ് ടെറൈന്‍ റെസ്‌പോണ്‍സ് 2. ഇത് വാഹനത്തിന്റെ ഓഫ് റോഡ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.

Content Highlights; Land Rover Begins Delivery of BS-VI Petrol Model Of Range Rover Evoque And Discovery Sport