ലംബോർഗിനി ഉറുസ് പെർഫോമെന്റെ | Photo: Lamborghini
സൂപ്പര്‍ കാറുകളിലെ സൂപ്പര്‍ എസ്.യു.വി, വേഗരാജന് തുടങ്ങിയ വിശേഷങ്ങള്‍ ഏറ്റവുമധികം യോജിക്കുന്ന വാഹനങ്ങളില്‍ പ്രധാനിയാണ് ലംബോര്‍ഗിനി ഉറുസ്. ആഡംബരത്തിനൊപ്പം കരുത്തും സംഗമിക്കുന്ന ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ഉറുസ് പെര്‍ഫോമെന്റെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ലംബോര്‍ഗിനി. റെഗുലര്‍ മോഡലില്‍നിന്ന് ഏതാനും പുതുമകളുമായി എത്തിയിട്ടുള്ള പെര്ഫോമെന്റെയ്ക്ക് 4.22 കോടി രൂപയാണ് എക്സ്ഷോറൂം വില.
പുതിയ മോഡലിന്റെ വരവോടെ ഉറുസ് നിരയില്‍ രണ്ട് മോഡലുകളായി. ഉറുസ് എസ് എന്ന വേരിയന്റ് മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ലുക്കിലും നേരിയ മാറ്റം വരുത്തിയാണ് പെര്‍ഫോമെന്റെ എത്തിയിരിക്കുന്നത്. കൂളിങ്ങ് വെന്റുകള്‍ നല്‍കിയിട്ടുള്ള പുതിയ ബോണറ്റ്, അഗ്രസീവ് ഭാവമുള്ള ബമ്പര്‍, വെന്റുകള്‍ നല്കി പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍, ഓപ്ഷണലായി നല്കുന്ന 23 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്‍.

അകത്തളത്തിലുമുണ്ട് മാറ്റങ്ങള്‍. ബ്ലാക്ക് അല്‍കന്റാര ഇന്റീരിയറില്‍ സ്റ്റാന്റേഡ് ഫീച്ചറായാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഓപ്ഷണലായി ലെതറും ഇതില്‍ നല്‍കുന്നുണ്ട്. പെര്‍ഫോമെന്റെ ബാഡ്ജിങ്ങിനൊപ്പം ഹെക്സാഗൊണല്‍ ഡിസൈനും നല്‍കിയാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഡോറിലും റൂഫ് ലൈനിങ്ങിലുമുണ്ട് ഈ ബാഡ്ജിങ്ങ്. ഇവയ്ക്ക് പുറമെ, അകത്തളത്തില്‍ പലയിടങ്ങളിലായി ബ്ലാക്ക് ആക്സെന്റുകളും നല്കി അലങ്കരിച്ചാണ് പെര്‍ഫോമെന്റെയുടെ ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്.
ഉറുസ് എസില്‍ നിലവില്‍ നല്‍കിയിട്ടുള്ള എയര്‍ സസ്പെന്ഷന് പകരം കോയില്‍ സ്പ്രിങ്ങ് നല്‍കിയാണ് പെര്ഫോമെന്റെയിലെ മറ്റൊരു പുതുമ. ഇതിനുപുറമെ, ഈ വാഹനത്തില്‍ നല്‍കിയിരുന്ന സാന്റ്, സ്നോ, മഡ് എന്നീ മൂന്ന് ഡ്രൈവ് മോഡലുകളും നീക്കിയിട്ടുണ്ട്. ഇതിനുപകരമായ റാലി എന്ന മോഡാണ് നല്‍കിയിട്ടുള്ളത്. ഉറുസ് എസിനെക്കാള്‍ 16 എം.എം. വീതിയും 25 എം.എം. നീളവും പുതിയ മോഡലിന് അധികമായി നല്‍കുന്നുണ്ട്. 47 കിലോ ഗ്രാം ഭാരവും കുറച്ചിട്ടുണ്ട്.

മെക്കാനിക്കലായി ഉറുസ് എസ് മോഡലിനെ പിന്തുടര്ന്നാണ് പെര്‍ഫോമെന്റെ പതിപ്പും എത്തിയിട്ടുള്ളത്. എന്നാല്‍, 16 എച്ച്.പി. അധിക പവര്‍ ഈ എന്ജിന് ഉത്പാദിപ്പിക്കും. 666 എച്ച്.പിയാണ് ഈ വേരിയന്റിന്റെ പവര്‍. 850 എന്‍.എം. ടോര്‍ക്കാണ് പെര്ഫോമെന്റെയിലും ഉള്ളത്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 306 കിലോ മീറ്ററാണ് പെര്‍ഫോമെന്റെയുടെ പരമാവധി വേഗത.
Content Highlights: Lamborghini Urus Performante launched in India, Price Rs 4.22 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..