റ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡല്‍ ഉറുസിന്റെ പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ ഇന്ത്യയിലുമെത്തി. പുത്തന്‍ നിറത്തിലും സ്‌പോര്‍ട്ടി പെര്‍ഫോമെന്‍സിലും ആകര്‍ഷകമായ അകത്തളവും ഒരുക്കി എത്തിയിട്ടുള്ള ഈ ആഡംബര എസ്.യു.വിയുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. റെഗുലര്‍ മോഡലിന് 3.15 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. പേള്‍ ക്യാപ്‌സൂള്‍ എഡിഷന്റെ ആദ്യ യുണിറ്റ് ഉറുസ് സൗത്ത് ഇന്ത്യയിലായിരിക്കും എത്തുക. 

റെഗുലര്‍ മോഡലില്‍നിന്ന് തികച്ചും വ്യത്യസ്തമായി പുതിയ ലുക്കിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഗ്ലോസി ഫിനീഷിങ്ങ് നല്‍കിയുള്ള വ്യത്യസ്തതയുള്ള നിറം, പുതിയ അലോയി വീല്‍, അകത്തളത്തെ ആകര്‍ഷകമാക്കാന്‍ പുതിയ മെറ്റീരിയലുകള്‍ എന്നിവയ്ക്ക് പുറമെ, വാഹനത്തെ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള സൗകര്യവും നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്. വാഹനം കസ്റ്റമൈസ് ചെയ്യുന്നത് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍. 

യെല്ലോ, ലൈം ഗ്രീന്‍, ഓറഞ്ച് എന്നീ നിറങ്ങള്‍ക്കൊപ്പം ഗ്ലോസി ബ്ലാക്ക് നിറവും നല്‍കിയാണ് പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ എത്തിയിട്ടുള്ളത്. ബമ്പറുകള്‍, റിയര്‍വ്യൂ മിറര്‍, ബോഡി കിറ്റ്, വീല്‍ ആര്‍ച്ച്, റൂഫ് എന്നിവയിലാണ് ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളത്. മാറ്റ് ഫിനീഷിങ്ങിലുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പുകളാണ് ഇതിലുള്ളത്. ഉറുസിന്റെ റെഗുലര്‍ മോഡലില്‍ 21 ഇഞ്ച് വീലുകള്‍ നല്‍കുമ്പോള്‍ പേള്‍ ക്യാപ്‌സൂള്‍ എഡിഷനില്‍ 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 

Lamborghini Urus Pearl Capsule Edition

അല്‍കന്റാര മെറ്റീരിയലില്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങിന്റെ അകമ്പടിയോടെയാണ് സീറ്റുകള്‍ ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ ഉറുസ് എന്നും ഹെഡ്‌റെസ്റ്റുകളില്‍ ലംബോര്‍ഗിനി ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കിയുള്ള ഡോര്‍ പാനലുകളും പേള്‍ ക്യാപ്‌സൂള്‍ എഡിഷനെ വ്യത്യസ്തമാക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഉറുസിന്റെ റെഗുലര്‍ പതിപ്പില്‍നിന്ന് കടം കൊണ്ടവയാണ്.

ഫീച്ചറുകളിലും ലുക്കിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റമില്ലാതെയാണ് ഉറുസ് പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ എത്തിയിട്ടുള്ളത്. റെഗുലര്‍ ഉറുസില്‍ നല്‍കിയിട്ടുള്ള 4.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് പേള്‍ ക്യാപ്‌സൂളിലും നല്‍കിയിട്ടുള്ളത്. ഇത് 641 ബി.എച്ച്.പി. പവറും 850 എന്‍.എം.ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 305 കിലോ മീറ്ററാണ്.

Content Highlights: Lamborghini Urus Pearl Capsule Edition Launched In India