ലോകത്തില്‍ തന്നെ സൂപ്പര്‍ കാറുകളുടെ തലതൊട്ടപ്പനാണ് ലംബോര്‍ഗിനി എന്ന ഇറ്റിലായന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍. നിലംപറ്റി കിടന്ന്, മിന്നല്‍ പോലെ കുതിക്കുന്ന വാഹനം മുതല്‍ തലയെടുപ്പോടെ നിരത്തുകളില്‍ നിറഞ്ഞോടുന്ന എസ്.യു.വി. വരെ ലംബോര്‍ഗിനിയില്‍നിന്ന് എത്തുന്നത്. വില ലക്ഷങ്ങള്‍ കടന്ന് കോടികളിലാണെങ്കിലും ഈ വാഹനത്തിനുള്ള ആവശ്യക്കാരില്‍ കുറവുണ്ടാകുന്നില്ല.

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ 2020-ല്‍ പോലും ലംബോര്‍ഗിനിയുടെ 7430 വാഹനങ്ങളാണ് ലോകത്തുടനീളം വിറ്റഴിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് മികച്ച വില്‍പ്പനയാണെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണിനെ തുടര്‍ന്ന് 70 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടതാണ് ഈ ഇടിവിന് കാരണമായി കമ്പനി പറയുന്നത്. 

2020-ന്റെ ആദ്യ ആറ് മാസം മന്ദഗതിയില്‍ ആയിരുന്നെങ്കിലും രണ്ടാമത്തെ ആറ് മാസം കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചിട്ടുള്ളതെന്നാണ് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനവും ഇതേതുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെയും തുടര്‍ന്ന് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലംബോര്‍ഗിനിയുടെ പ്ലാന്റ് അടച്ചത് ഉത്പാദനത്തെ ബാധിച്ചിരുന്നു.

അമേരിക്കയാണ് ലംബോര്‍ഗിനിയുടെ പ്രധാന വിപണി. 2020-ല്‍ 2224 യൂണിറ്റാണ് ഇവിടെ വിറ്റഴിച്ചത്. ജര്‍മനി 607, ചൈന 604, ജപ്പാന്‍ 600, ബ്രിട്ടണ്‍ 517, ഇറ്റലി 347 എന്നിങ്ങനെയാണ് പ്രധാന വില്‍പ്പന. സൗത്ത് കൊറിയയില്‍ ലംബോര്‍ഗിനിയുടെ വില്‍പ്പനയില്‍ 75 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 3030 യൂണിറ്റാണ് ഇവിടെ വിറ്റഴിച്ചത്. ജര്‍മനിയില്‍ എട്ട് ശതമാനത്തിന്റെയും വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡല്‍. ഉറുസിന്റെ 4391 യൂണിറ്റാണ് 2020-ല്‍ നിരത്തുകളില്‍ എത്തിയത്. 2020-ല്‍ തന്നെയാണ് ഉറുസിന്റെ മൊത്ത ഉത്പാദനം 10,000 കടന്നത്. സ്‌പോര്‍ട്‌സ് കാര്‍ മോഡലുകളായ വി10 ഹുറാകാന്റെ 2193 യൂണിറ്റും വി12 അവന്റഡോറിന്റെ 846 യൂണിറ്റും വിറ്റഴിച്ചു. ഹുറാകാന്റെ വില്‍പ്പനയിലും മൂന്ന് ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.

Content Highlights: Lamborghini Sold 7430 Cars Worldwide During 2020