റ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി എസ്.യു.വി. മോഡലായ ഉറുസ് ഇന്ത്യയില്‍ സെഞ്ചുറി തികച്ചു. 3.10 കോടി രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ ആഡംബര എസ്.യു.വിയുടെ 100 യൂണിറ്റാണ് ഇതിനോടകം ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ളത്. 2018 ജനുവരിയിലാണ് ഉറുസ് എന്ന എസ്.യു.വി. അവതരിപ്പിക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും വിതരണം ആരംഭിക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനുള്ളിലാണ് ഇന്ത്യയില്‍ ആദ്യ 50 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയത്. എന്നാല്‍, കൊറോണ മഹാമാരിയുടെ പശ്ചത്തലത്തില്‍ വില്‍പ്പന അല്‍പ്പം മന്ദഗതിയിലാകുകയായിരുന്നു. അടുത്ത 18 മാസത്തിലാണ് 100 എന്ന അക്കത്തിലേക്ക് ഈ വാഹനം എത്തിയത്. വൈറസ് വ്യാപനത്തിന് മുമ്പ് ഒരാഴ്ച ഒരു ഉറുസ് എന്ന നിലയിലായിരുന്നു ഇന്ത്യയിലെ വില്‍പ്പന എന്നാണ് നിര്‍മാതാക്കളായ ലംബോര്‍ഗിനി അഭിപ്രായപ്പെടുന്നത്. 

ലംബോര്‍ഗിനിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ വലിയ കുതിപ്പ് നല്‍കിയ വാഹനമാണ് ഉറുസ്. ഈ വാഹനം എത്തിയതിന് പിന്നാലെ 2019-ല്‍ ലംബോര്‍ഗിനിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 30 ശതമാനം കുതിപ്പുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 65 വാഹനങ്ങളാണ് 2019-ല്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ വിറ്റഴിച്ചത്. മഹാമാരിയുടെ പിടിയിലായിരുന്ന 2020-യില്‍ പോലും ഇന്ത്യയില്‍ 50 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

അതേസമയം, 2020 ജൂലൈയില്‍ ലംബോര്‍ഗിനി ഉറുസിന്റെ നിര്‍മാണം 10,000 യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരുന്നു. ഇതിന്റെ ഭാഗമായി 10,000 തികഞ്ഞ മോഡല്‍ സ്‌പെഷ്യല്‍ എഡിഷനായാണ് ലംബോര്‍ഗിനി ഒരുക്കിയത്. 10,000 എന്ന ചേസിസ് നമ്പര്‍ നല്‍കി മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്ന ഈ വാഹനം റഷ്യയ്ക്കാണെന്നായിരുന്നു സൂചന.

ഫോക്സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്. 

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷയിലും ഏറെ മുന്നിലാണ് ഈ വേഗരാജന്‍.

Source: NDTV Car and Bike

Content Highlights: Lamborghini Sells 100 Urus SUV In India