ലംബോർഗിനി ഉറുസ് | Photo: Lamborghini
ഇറ്റാലിയല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി. ശ്രേണിയിലേക്കുള്ള ചുവടുവയ്പ്പ് പിഴച്ചില്ല. ഉറുസ് എന്ന പേരില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ഈ അത്യാഡംബര എസ്.യു.വി. 20,000 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ 15,000 യൂണിറ്റിന്റെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്ത ഈ വാഹനം പിന്നീടുള്ള 11 മാസത്തിനുള്ളിലാണ് 5000 യൂണിറ്റുകള്‍ കൂടി നിരത്തിലെത്തിച്ച് 20,000 എന്ന മാജിക് നമ്പറില്‍ എത്തിയിരിക്കുന്നത്.
ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ ഹുറാകാന്‍ എട്ട് വര്‍ഷം കൊണ്ടാണ് 20,000 യൂണിറ്റിന്റെ വില്‍പ്പന നേടിയിട്ടുള്ളത്. ഈ സ്ഥാനത്താണ് എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഉറുസ് നാല് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 20,000 തികയുന്ന ഉറുസ് വയോള മിത്രാസ് ഫിനീഷിങ്ങില്‍ ഒരുക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ ഏഴാം തീയതി നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ വാഹനം അസര്‍ബൈജാനിലുള്ള ഉപയോക്താവിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോളതലത്തില്‍ തന്നെ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് വാഹനമാകാന്‍ ഉറുസിന് സാധിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനിയുടെ മൊത്തം വില്‍പ്പന 8405 യൂണിറ്റായിരുന്നു. ഇതില്‍ 5021 ഉറുസ് ആയിരുന്നെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ സ്വീകാര്യതയാണ് ഉറുസിനുള്ളത്. ഇതിനോടകം ഉറുസിന്റെ 400 യൂണിറ്റാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 2021 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 100 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

ഫോക്സ്‌വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്യുവിയാണ് ലംബോര്‍ഗിനി ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്. 305 കിലോമീറ്ററാണ് പരമാവധി വേഗം.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്യുവി. 3.60 കോടി രൂപയാണ് ഉറുസ് എസ്യുവിയുടെ എക്സ്ഷോറും വില. 2012-ലെ ബെയ്ജിങ്ങ് ഓട്ടോഷോയില്‍ ഉറുസ് കണ്‍സെപ്റ്റ് അവതരിപ്പിച്ചെങ്കിലും 2018-ലാണ് ലംബോര്‍ഗിനി ഉറുസ് എസ്.യു.വി. വിപണിയില്‍ എത്തിച്ചത്.
Content Highlights: Lamborghini make new record, 20,000 Urus models delivered in only 4 years since its launch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..