നിരത്തുകളിലെ വേഗരാജാവ് എന്ന വിശേഷിപ്പിക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്നത്. ലംബോര്‍ഗിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള സൂപ്പര്‍ കാറുകളിലേക്ക് പുതിയ ഒരു മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ്. ഹുറാകാന്‍ പെര്‍ഫോര്‍മന്റ് എന്ന വാഹനത്തിന് പകരക്കാരനായി  ഹുറാകാന്‍ എസ്.ടി.ഒ. എന്ന മോഡലാണ് എത്തിയിട്ടുള്ളത്.

മുന്‍ഗാമിയെക്കാള്‍ ഭാരം കുറച്ച് പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കി എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.99 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബോഡിയുടെ 75 ശതമാനത്തോളം കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതിനാല്‍ തന്നെ മുന്‍ഗാമിയെക്കാള്‍ 43 കിലോഭാരം കുറച്ചാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 1339 കിലോഗ്രാമാണ് ഹുറാകാന്‍ എസ്.ടി.ഒയുടെ മൊത്തം ഭാരം. 

നീല-ഓറഞ്ച് എന്നീ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഹുറാകാന്‍ എസ്.ടി.ഒ. ഒരുങ്ങിയിട്ടുള്ളത്. സ്വീപ്ബാക്ക് എന്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡബ്ല്യു ഷേപ്പിലുള്ള പുതിയ ഡി.ആര്‍.എല്‍, ബമ്പറിലും ബോണറ്റിലും നല്‍കിയിട്ടുള്ള ഒറഞ്ച് നിറമുള്ള ആക്‌സെന്റുകള്‍, മുന്നിലെ ബമ്പറിലെ ബ്ലാക്ക് ഡിഫ്യൂസര്‍, 20 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷായ അലോയി വീലുകള്‍ എന്നിവ ഈ വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവത്തിന് കരുത്തേകുന്നു. 

Lamborghini Huracan STO

പതിവില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളുള്ള പിന്‍ഭാഗമാണ് ഹുറാകാന്‍ എസ്.ടി.ഒയിലുള്ളത്. മുന്നിലെ ഓറഞ്ച് ആക്‌സെന്റ് പിന്നിലേക്കും നീളുന്നു. എല്‍.ഇ.ഡി.ടെയ്ല്‍ലാംപ്, മുകളിലേക്ക് നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്നിലുള്ളത്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സ്‌പോയിലറിലൂടെ വാഹനത്തിന്റെ എയറോഡൈനാമിക് കപ്പാസിറ്റിയും വര്‍ധിപ്പിക്കുന്നുണ്ട്.

കാര്‍ബണ്‍ സ്‌കിന്‍ മെറ്റീരിയലിലാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് സീറ്റുകള്‍ക്ക് പുറമെ സ്റ്റിയറിങ്ങ് വീല്‍, ഡാഷ്‌ബോര്‍ഡ് എന്നിവയെല്ലാം ഇതിലാണ് പൊതിഞ്ഞിരിക്കുന്നത്. ഓറഞ്ച് പൈപ്പിങ് നല്‍കിയ സീറ്റ്, ബ്ലൂ സ്റ്റിച്ചിങ്ങുള്ള സ്റ്റിയറിങ് വീല്‍ എന്നിവയുമുണ്ട്. ഫ്‌ളോര്‍ മാറ്റും ഡോര്‍ പാനലും കാര്‍ബണ്‍ ഫൈബറിലാണ് ഒരുങ്ങിയിട്ടുള്ളത്. ഫോര്‍ പോയന്റ് സീറ്റ് ബെല്‍റ്റും ഇതില്‍ നല്‍കുന്നുണ്ട്.

എന്‍ജിനില്‍ മുന്‍ഗാമിയുടെ പാത പിന്‍തുടര്‍ന്നാണ് എസ്.ടി.ഒയും എത്തിയിരിക്കുന്നത്. 5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് വി10 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 630 ബി.എച്ച്.പി. പവറും 565 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 3.0 സെക്കന്‍ഡില്‍ 100 കിലോമീറ്ററും 9.0 സെക്കന്‍ഡില്‍ 200 കിലോമീറ്ററും വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 310 കിലോമീറ്ററാണ്.

Content Highlights: Lamborghini Huracan STO Super Car Launched In India