ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ | Photo: Lamborghini
റോഡുകളില്‍ വെടിയുണ്ട പോലെ പായുന്ന വാഹനമാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന് എന്ന മോഡല്‍. റോഡുകളും ട്രാക്കുകളും അനായാസമായി കീഴടക്കിയിരുന്ന ഈ വാഹനം ഇനി ഓഫ് റോഡുകളിലേയും താരമാകും. ഇതിനായി ഹുറാകാന്റെ ഓള് ടെറൈന്‍ സ്പോര്‍ട്സ് മോഡലായ ഹുറാകാന് സ്റ്റെറാറ്റോ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ലംബോര്‍ഗിനി. മിയാമി ബീച്ചിലാണ് ഈ വാഹനം ആദ്യ പ്രദര്‍ശനം നടത്തിയത്.
ലംബോര്‍ഗിനിയില്‍ നിന്നെത്തുന്ന ആദ്യ ഓള് ടെറൈന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയാണ് ഹുറാകാന് സ്റ്റെറാറ്റോയുടെ വരവ്. പെര്മനെന്റ് ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം റെഗുലര്‍ ഹുറാകാനില്‍ നിന്ന് നിരവധി അപ്ഡേഷനുകളും വരുത്തിയാണ് ഈ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെറാറ്റോയുടെ 1499 യൂണിറ്റ് മാത്രമാണ് ലംബോര്‍ഗിനി നിര്‍മിക്കുന്നതെന്നാണ് വിവരം. 2023 ഫെബ്രുവരിയിലായിരിക്കും നിര്‍മാണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
റെഗുലര്‍ ഹുറാകാനില്‍ നിന്ന് അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയാണ് ഓഫ് റോഡുകളിലെ കുതിപ്പിന് സ്റ്റെറാറ്റോയെ യോഗ്യമാക്കിയിരിക്കുന്നത്. ബോണറ്റിന് താഴെയായി രണ്ട് എല്‍.ഇ.ഡി.ലൈറ്റുകള്‍ നല്‍കിയും ഉയര്‍ന്ന വീല്‍ ആര്‍ച്ച് ഒരുക്കിയും റൂഫ് റെയില്‍സ് ഘടിപ്പിച്ചതുമാണ് മുന്നില്‍ നിന്നുള്ള മാറ്റങ്ങള്‍. പിന്നില്‍ ഒരു ചെറിയ ലിപ്പ് സ്പോയിലര്‍ അധികമായി നല്കി. റൂഫില്‍ എയര്‍ സ്കൂപ്പും നല്‍കിയാണ് ഈ വാഹനത്തെ റെഗുലര്‍ ഹുറാകാനില്‍ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നത്.
.jpg?$p=22c9546&&q=0.8)
ഓഫ്റോഡ് കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഹുറാകാനെക്കാള് 44 എം.എം. അധിക ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് സ്റ്റെറാറ്റോ എത്തുന്നത്. ഇതിനൊപ്പം ട്രാക്ക് വിഡ്ത്ത് മുന്നില്‍ 30 എം.എമ്മും പിന്നില്‍ 34 എം.എമ്മും ഉയര്‍ത്തിയിട്ടുണ്ട്. മുന്നിലെ ബമ്പര്‍ പൂര്‍ണമായും മാറ്റുകയും മുന്‍ഭാഗത്തിന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായി അലുമിനിയം അണ്ടര്‍ ബോഡി പ്രൊട്ടക്ഷനും ഒരുക്കുന്നുണ്ട്. സ്റ്റെറാറ്റോയിക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള 19 ഇഞ്ച് വീലാണ് ഇതിലുള്ളത്.
അകത്തളത്തിലെ ഫീച്ചറുകളും സാങ്കേതികവിദ്യയുമെല്ലാം റെഗുലര്‍ ഹുറാകാനില്‍ നിന്ന് കടംകൊണ്ടവയാണ്. എന്നാല്‍, പെര്‍ഫോമെന്‍സിന് അല്‍പ്പം കൂടി പ്രാധാന്യം നല്‍കിയതോടെ മൂന്ന് ഡ്രൈവ് മോഡലുകള്‍ ഈ വാഹനത്തില്‍ പുതുതായി സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ട്രാഡ, സ്പോര്‍ട്ട്, റാലി എന്നിവയാണത്. ഇതിനൊപ്പം പിച്ച് ആന്‍ഡ് റോള്‍ ഇന്റിക്കേറ്റര്‍, കോംപസ്, സ്റ്റിയറിങ്ങ് ആംഗിള്‍ ഇന്റിക്കേറ്റര്‍, ജിയോഗ്രഫിക് കോര്‍ഡിനേറ്റ് ഇന്റിക്കേറ്റര്‍ എന്നിവ നല്കുന്ന ഡിജിറ്റല്‍ ഇന്ക്ലിനോമീറ്ററും ഇതിലുണ്ട്.
മെക്കാനിക്കല്‍ സെല്‍ഫ് ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍ സംവിധാനമുള്ള ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് ഓള് വീല്‍ ഡ്രൈവ് സംവിധാനമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് സ്റ്റെറാറ്റോയുടെ ഹൃദയം. ഇത് 610 ബി.എച്ച്.പി. പവറും 560 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 3.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിനാകും.
Content Highlights: Lamborghini Huracán Sterrato all terrain sports car, Lamborghini
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..