ലംബോര്‍ഗിനിയെ മാറ്റി നിര്‍ത്തി സൂപ്പര്‍കാര്‍ എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ലംബോര്‍ഗിനിക്ക് ഈ മേല്‍വിലാസം നേടി നല്‍കിയതില്‍ പ്രധാന പങ്കുവഹിച്ച വാഹനങ്ങളിലൊന്നാണ് 1990-കളില്‍ നിരത്തിലെത്തിയ ഡയബ്ലോ എന്ന ഹൈ-പെര്‍ഫോമെന്‍സ് വാഹനം. 1990-ല്‍ പുറത്തിറങ്ങി 11 വര്‍ഷം നിരത്തില്‍ താരമായിരുന്ന ഈ വാഹനത്തിന്റെ 30-ാം പിറന്നാള്‍ ആഘോഷത്തിലാണ് ലംബോര്‍ഗിനി.

ലംബോര്‍ഗിനിയുടെ കൗണ്ടാച്ച്‌ എന്ന ജനപ്രിയ മോഡലിന് പകരക്കാരനായാണ് 1990-ല്‍ ഡയബ്ലോ പിറക്കുന്നത്. പ്രൊജക്ട് 132 എന്ന കോഡ് നാമത്തില്‍ നിര്‍മാണം ആരംഭിച്ച ഡയബ്ലോ അഞ്ച് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2001 വരെയുള്ള 11 വര്‍ഷം സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തോടെ നിരത്തുകളില്‍ നിറഞ്ഞുനിന്ന് മോഡലാണ് ഡയബ്ലോ.

ലോകത്തില്‍ ഏറ്റവും വേഗതയേറിയ കാര്‍ എന്ന ഖ്യാതിയിലായിരുന്നു 1990-ല്‍ ലംബോര്‍ഗിനിയുടെ ഡയബ്ലോ നിരത്തുകളില്‍ എത്തിയത്. മണിക്കൂറില്‍ 325 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന്റെ പരമാവധി വേഗത. 485 എച്ച്.പി പവറും 580 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 5.7 ലിറ്റര്‍ നാല് ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് എന്‍ജിനായിരുന്നു ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. 

LAMBORGHINI DIABLO
ലംബോര്‍ഗിനി ഡയബ്ലോ | Photo: Lamborghini.com

ഹൈ-പെര്‍ഫോമെന്‍സ് കാര്‍ ശ്രേണിയില്‍ എത്തിയിട്ടും 1993 വരെ ഈ വാഹനത്തില്‍ പവര്‍ സ്റ്റിയറിങ്ങ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ അന്യമായിരുന്നു. 1993-ല്‍ ഫോര്‍വീല്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ആദ്യ ഗ്രാന്റ്ടൂറിസ്‌മോയായി ഡയബ്ലോ വി.ടി അവതരിപ്പിക്കുകയായിരുന്നു. ടൂ വീല്‍ ഡ്രൈവ് മോഡലിന്റെ കരുത്ത് ഉയര്‍ത്തുകയും ഡിസൈനില്‍ മാറ്റം വരുത്തിയുമാണ് ഈ മോഡല്‍ എത്തിയത്. 

ലംബോര്‍ഗിനിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിച്ച വാഹനമെന്ന അംഗീകാരവും ഡയബ്ലോ സ്വന്തമാക്കിയിരുന്നു. പിന്നീട് 2001-ല്‍ ലംബര്‍ഗിനിയുടെ മുര്‍സിയേലാഗോ എന്ന പുതിയ സ്‌പോര്‍ട്‌സ് വാഹനത്തിനായി ഡയബ്ലോ അരങ്ങൊഴിയുകയായിരുന്നു. എന്നാല്‍, 30 വര്‍ഷത്തിനിപ്പുറവും ഡയബ്ലോ വാഹനപ്രേമികളുടെ പ്രിയവാഹനങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ്.

Content Highlights: Lamborghini Celebrates 30 Anniversary Of Diablo Super Car