കൊച്ചി: മഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ എസ്.യു.വി.യായ കെ.യു.വി.100-ന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയിലെത്തി. നാല്പതോളം പുതിയ ഫീച്ചറുകളുമായാണ് 'കെ.യു.വി.100 എന്‍.എക്‌സ്.ടി.' വിപണിയിലെത്തിയിരിക്കുന്നത്. 4.48 ലക്ഷം മുതല്‍ 7.50 ലക്ഷം രൂപ വരെയാണ് എന്‍.എക്‌സ്.ടി.യുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില. എസ്.യു.വി.കളിലെ ഏറ്റവും ചെറിയ മോഡലുകളിലൊന്നാണ് ഇത്. 

Related Read; ചുണക്കുട്ടിയായി പുതിയ മഹീന്ദ്ര KUV 100 NXT

കെ2, കെ2 പ്ലസ്, കെ4 പ്ലസ്, കെ6പ്ലസ്, കെ8 എന്നിങ്ങനെ അഞ്ച് വകഭേദങ്ങള്‍ ലഭ്യമാണ്. ജി.പി.എസ്. നാവിഗേഷനോടു കൂടിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍ പാനല്‍, കറുപ്പ് നിറത്തിലുളള ഇന്റീരിയര്‍, പുതിയ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, നവീകരിച്ച സെന്റര്‍ കണ്‍സോള്‍ തുടങ്ങിയ പ്രത്യേകതകളുണ്ട്. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തിയ റിയര്‍ വ്യൂ മിറര്‍, ബട്ടണ്‍ അമര്‍ത്തി ക്രമീകരിക്കാനാകും. 

KUV 100 NXT
Courtesy; Mahindra

കെ.യു.വി.100-ന്റെ പോരായ്മകള്‍ പരിഹരിച്ച് പുറത്തിറക്കിയിരിക്കുന്ന പരിഷ്‌കരിച്ച പതിപ്പിന് വിലയില്‍ കാര്യമായ വ്യത്യാസമില്ലാത്തത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കേരള സെയില്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.എസ്. സുരേഷ് കുമാര്‍ വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. ഫയറി ഓറഞ്ച്, ഫ്‌ളേമ്പോയ്ന്റ് റെഡ്, പേള്‍ വൈറ്റ്, ഡാസ്ലിങ് സില്‍വര്‍, ഡിസൈനര്‍ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 

Related Read; ഇന്ധന കാറുകളുടെ ചിറകരിയാന്‍ KUV 100 ഇലക്ട്രിക്