കെ.എസ്.ഇ.ബി. സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എല്ലാതരം വാഹനങ്ങളും വൈദ്യുതവാഹനങ്ങളാക്കി മാറ്റുന്നു. കോര്‍പ്പറേറ്റ് ഓഫീസുകളിലും ഫീല്‍ഡ് ഓഫീസുകളിലും ഉപയോഗിക്കുന്ന പഴയവാഹനങ്ങള്‍ ഘട്ടംഘട്ടമായി മാറ്റും. ഫീല്‍ഡ് ഓഫീസുകളില്‍ വാടകയ്‌ക്കെടുത്തിട്ടുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ ഒഴിവാക്കും.
 
സംസ്ഥാനത്തൊട്ടാകെ വൈദ്യുതവാഹനങ്ങള്‍ക്ക് ചാര്‍ജിങ് പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനായി സര്‍ക്കാര്‍ കെ.എസ്.ഇ.ബി.യെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി കെ.എസ്.ഇ.ബി. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള സമീപനരേഖ പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
സംസ്ഥാനത്ത് എല്ലായിടത്തും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് താത്പര്യമുള്ളവരെ ഇ.ഒ.ഐ.ക്കായി (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) വിളിച്ചിട്ടുണ്ട്. 
 
ഇതിനൊപ്പം ആറ് കോര്‍പ്പറേഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഡി.സി. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസും ക്ഷണിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ദേശീയപാതകളില്‍ ഓരോ 25 കിലോമീറ്ററിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 
 
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഘനവ്യവസായവകുപ്പിന്റെ കീഴില്‍ ഫെയിം രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. അപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആറ് ചാര്‍ജിങ് പോയന്റുകള്‍ ഉള്‍പ്പെടുന്ന 32 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 32 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 
Content Highlights: KSEB Plans To Use Electric Vehicles