ലോകത്താകമാനമുള്ള വാഹനമേഖലയില്‍ വലിയ വിപ്ലവങ്ങളാണ് നാള്‍ക്കുനാള്‍ ഉണ്ടാകുന്നത്. അപകടങ്ങള്‍ മുന്‍കൂട്ടി അറിയുന്ന വാഹനങ്ങള്‍, ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ ഫ്‌ളൈയിങ്ങ് കാര്‍ എന്ന ആശയവും യാഥാര്‍ഥ്യമാകുകയാണ്. സ്ലോവാക്യന്‍ കമ്പനിയായ ക്ലീന്‍വിഷനാണ് ഈ ആശയം യാഥാര്‍ഥ്യമാകുന്നത്. 

റോഡിലൂടെ ഓടുന്ന ഒരു കാര്‍ വെറും മൂന്ന് മിനിറ്റില്‍ വിമാനമായി മാറുന്നതാണ് ക്ലീന്‍വിഷന്റെ സാങ്കേതികവിദ്യ. വണ്‍-ടച്ചിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. എയര്‍കാര്‍ എന്ന പേരിലാണ് കമ്പനി ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ക്ലീന്‍വിഷന്‍ ഈ വാഹനത്തിന്റെ പണിപ്പുരയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

2019-ല്‍ ഷാങ്ഹായിയില്‍ നടന്ന ചൈന ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോയിലാണ് ആദ്യമായി ഈ വാഹനം പ്രദര്‍ശനത്തിനെത്തിയത്. 138 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ബി.എം.ഡബ്ല്യുവിന്റെ 1.6 ലിറ്റര്‍ എന്‍ജിനാണ് എയര്‍കാറില്‍ നല്‍കിയിട്ടുള്ളത്. 1000 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ കണക്കാക്കുന്ന ട്രാവലിങ്ങ് റേഞ്ച്. 

സ്ലോവാക്യയിലെ പിയസ്റ്റാനി വിമാനത്താളവത്തിലാണ് എയര്‍കാറിന്റെ പരീക്ഷണം നടത്തിയത്. രണ്ട് ലാന്‍ഡിങ്ങും രണ്ട് ടേക്ക്-ഓഫുമാണ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് കമ്പനി അറിയിച്ചു. 200 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേ്ഷിയുള്ള ഈ വാഹനത്തിന്റെ ആകെ ഭാരം 1000 കിലോഗ്രാമാണ്.

ആദ്യമായി നിര്‍മിച്ച എയര്‍കാര്‍ വാങ്ങാന്‍ ഒരാള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ക്ലീന്‍വിഷന്‍ അറിയിച്ചിരിക്കുന്നത്. സ്ലോവാക്യയയിലെ അഞ്ച് സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളില്‍ ഒന്നാണ് ക്ലീന്‍ വിഷന്‍. ഈ രീതിയിലുള്ള മറ്റൊരു പ്രോട്ടോടൈപ്പ് വാഹനമാണ് എയ്‌റോ മോബൈല്‍. ഈ വാഹനം നിര്‍മിച്ച സ്റ്റെഫാന്‍ ക്ലീന്‍ എന്നയാളാണ് എയര്‍കാറും രൂപകല്‍പ്പന ചെയ്തത്.

Source: NDTV Car and Bike

Content Highlights: KleinVision AirCar Transforms Into An Airplane In Three Minutes