കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലേക്കുള്ള വരവ് എസ്‌യുവിയിലൂടെയായിരിക്കും എന്ന കാര്യം ഉറപ്പായി. കിയ ഇന്ത്യന്‍ നിരത്തിലിറക്കുമെന്ന് അറിയിച്ചിരുന്ന എസ്പി കണ്‍സെപ്റ്റ് പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണില്‍ കുടുങ്ങി. 

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച എസ്‌യുവി മോഡലിന് കിയ ട്രാസോ എന്ന് പേര് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും നിരത്തില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാനാണ് കിയയുടെ ട്രാസോ എത്തുന്നത്. 

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഏറ്റവും തലയെടുപ്പുള്ള വാഹനമായിരിക്കും ട്രാസോ എന്നാണ് വിലയിരുത്തല്‍. സ്‌റ്റൈലില്‍ താരതമ്യം അവകാശപ്പെടാനില്ലാത്ത വാഹനമാണെന്നായിരുന്നു കണ്‍സെപ്റ്റ് അവതരിപ്പിച്ചപ്പോള്‍ വാഹന ലോകം അഭിപ്രായപ്പെട്ടത്.

കരുത്തിലും ഇന്ധന ക്ഷമതയിലും ക്രെറ്റയെ കടത്തിവെട്ടുമെന്നാണ് കിയ അവകാശപ്പെടുന്നത്. 1.6, 1.4 എന്നീ ഡീസല്‍ എന്‍ജിനിലും 1.6 പെട്രോള്‍ എന്‍ജിനിലുമായിരിക്കും ട്രാസോ എത്തുക. 1.6 ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പിയും, 1.4 ഡീസല്‍ എന്‍ജിന്‍ 88 ബിഎച്ച്പിയും, 1.6 പെട്രോള്‍ എന്‍ജിന്‍ 121 ബിഎച്ചപി കരുത്തും ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലുമെത്തുന്ന ട്രാസോയിക്ക് 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് സൂചന.