ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് കിയയുടെ മൂന്നാമത്തെ മോഡലായ സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. സോണറ്റിന്റെ ആഗോള അവതരണമാണ് ഇന്ന് ഇന്ത്യയില്‍ അരങ്ങേറിയത്. ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.
ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.
ബംമ്പറിന്റെ താഴെ ഭാഗത്തുനിന്നായി ആരംഭിക്കുന്ന ബ്ലാക്ക് ക്ലാഡിങ്ങ് വാഹനത്തിന് ചുറ്റിലും നീളുന്നതാണ്. ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്‌സ്, ബ്ലാക്ക് റിയര്‍വ്യു മിറര്‍, കറുപ്പണിഞ്ഞ ബി,സി പില്ലറുകള്‍, ക്രോമിയത്തില്‍ പൊതിഞ്ഞ ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് സോണറ്റിന്റെ വശങ്ങള്‍ക്ക് അഴകേകുന്നത്.
പിന്‍വശവും ഏറെ സ്റ്റൈലിഷാണ്. എല്‍ഇഡിയില്‍ തന്നെ ഒരുങ്ങിയിരിക്കുന്ന ടെയ്ല്‍ലൈറ്റുകള്‍, രണ്ടും ലൈറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പ്, വലത് വശത്തായി മോഡലിന്റെ പേരും ഇടത് വശത്തായി വേരിയന്റിന്റെയും ബാഡ്ജിങ്ങ് നല്‍കിയിരിക്കുന്നു. ഡ്യുവല്‍ ടോണിലാണ് പിന്നിലെ ബംമ്പര്‍ ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ റിഫഌക്ഷന്‍ ലൈറ്റ് നല്‍കിയതിനൊപ്പം മുന്നിലേത് പോലെ ചുവപ്പ് ലൈനും നല്‍കിയിട്ടുണ്ട്.
ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കുമെന്ന് കിയ മുമ്പ് അറിയിച്ചിരുന്നു. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയിലാണ് അകത്തളത്തില്‍ ആദ്യം കണ്ണുടക്കുക. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ നല്‍കിയിട്ടുള്ള 4.2 ഇഞ്ചുള്ള സ്‌ക്രീനില്‍ നാവിഗേഷന്‍, ട്രിപ്പ് കംപ്യൂട്ടര്‍, ടയര്‍ പ്രഷര്‍, ഡ്രൈവ് മോഡ് എന്നിവ പ്രദര്‍ശിപ്പിക്കും.
ചിട്ടയായി നല്‍കിയിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റാണ് ഈ വാഹനത്തിലുള്ളത്. തികച്ചും പുതിയ ആകൃതിയില്‍ ഗ്ലോസി ബ്ലാക്ക് പ്ലാസ്റ്റിക്കിലാണ് എസി വെന്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. പിന്‍നിര സീറ്റുകള്‍ക്കും എസി വെന്റുകള്‍ നല്‍കിയിരിക്കുന്നതിനൊപ്പം കണ്‍ട്രോള്‍ യൂണിറ്റിന്റെ ഡിജിറ്റല്‍ സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ഏഴ് സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റവും, എല്‍ഇഡി മൂഡ് ലൈറ്റും, വയര്‍ലെസ് ചാര്‍ജിങ്ങും വെന്യുവിലുണ്ട്.
കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനായി കരുത്തുള്ള സ്റ്റീലിലാണ് ഷാസിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിര്‍മിച്ചിരിക്കുന്നത്. ഇതിനുപുറമെ, ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്ങ്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് ആംഗര്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് സോണറ്റില്‍ ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ വെന്യുവിന്റെ പ്ലാറ്റ്‌ഫോമാണ് സോണറ്റിലും. 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ എന്നിവയാണ് പെട്രോള്‍ എന്‍ജിന്‍. 1.5 ലിറ്ററാണ് ഡീസല്‍ എന്‍ജിന്‍. ഹ്യുണ്ടായി വെന്യുവില്‍ അടുത്തിടെ സ്ഥാനം പിടിച്ച ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സോണറ്റിലുമുണ്ട്. മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.
ഇന്ത്യയില്‍ ശക്തരായ എതിരാളികളുമായാണ് സോണറ്റിന് ഏറ്റുമുട്ടേണ്ടത്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, മഹീന്ദ്ര എസ്‌യുവി 300 എന്നിവയാണ് പ്രധാന എതിരാളികള്‍. നിസാന്‍ മാഗ്‌നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസ്, ഹോണ്ട എച്ച്ആര്‍വി തുടങ്ങി വരാനിരിക്കുന്ന മോഡലുകളും സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുക.
Content Highlights: Kia Subcompact SUV Sonet Unveiled In India