ന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് എത്തുകയാണ്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് കിയയുടെ അരങ്ങേറ്റം. ഗ്ലോബല്‍ നിരയില്‍ മുന്‍പന്തിയിലുള്ള ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ സഹിതം 16 മോഡലുകള്‍ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിക്കും. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് എസ്.യു.വി മോഡലായ എസ്പി കണ്‍സെപ്റ്റ്. ഈ മോഡലിന്റെ ഗ്ലോബല്‍ ലോഞ്ചാണ് ഡല്‍ഹിയില്‍ നടക്കുക. ഇതിന് മുന്നോടിയായി എസ്പി കണ്‍സെപ്റ്റിന്റെ ടീസറും പുറത്തുവന്നു. 

Kia SP

ഇന്ത്യന്‍ പാരമ്പര്യത്തെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എസ്.പി കോണ്‍സെപ്റ്റിലുടെ ഭാവിയില്‍ പുതിയ എസ്.യു.വി വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപകമ്പനിയായ ഹ്യുണ്ടായിയുടെ ക്രേറ്റയുമായി സാമ്യമുള്ള രൂപമാണ് എസ്പിയുടേത്. മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകള്‍ പ്രൗഡി കൂട്ടും. ടീസര്‍ പ്രകാരം ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് റൂഫ് റെയില്‍. ക്രോം ഫിനിഷിലാണ് 5 സ്‌പോക്ക് അലോയി വീല്‍. ലക്ഷ്വറി ഫീല്‍ നല്‍കുന്നതാണ് പിന്‍ഭാഗം. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. കിയ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ആദ്യ മോഡല്‍ ഒരു മിഡ് സൈസ് എസ്.യു.വി ആയിരിക്കുമെന്നാണ് സൂചന.

എസ്പിക്ക് പുറമേ സിംഗര്‍, പികാന്റോ, റിയോ, സ്‌പോര്‍ട്ടേജ് എസ്.യു.വി, സോള്‍ കോംപാക്ട് എസ്.യു.വി, നിറോ ഇവി കണ്‍സെപ്റ്റ് തുടങ്ങിയ മോഡലുകളാണ് ഡല്‍ഹി എക്‌സ്‌പോയില്‍ കിയ പ്രദര്‍ശിപ്പിക്കുക. നിര്‍മാണ ശാലകള്‍ക്കും വിപണന ശൃംഖലകള്‍ക്കുമായി ആദ്യ ഘട്ടത്തില്‍ 12,750 കോടി രൂപയാണ് കിയ ഇന്ത്യയില്‍ നിക്ഷേപിച്ചത്. 2019-ഓടെ ഇന്ത്യന്‍ വിപണിയില്‍ കിയ മോട്ടോഴ്സ് സാന്നിധ്യമറിയിക്കും. 2022-ഓടെ രാജ്യത്തെ ആദ്യ അഞ്ച് കമ്പനികള്‍ക്കുള്ളില്‍ സ്ഥാനംപിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി വര്‍ഷംതോറും 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കണം. നിലവില്‍ 180-ഓളം രാജ്യങ്ങളില്‍ കിയ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 

Content Highlights; Kia SP SUV Concept Teased