കിയയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്താന്‍ വലിയ താമസമില്ല. അതിനുള്ള സൂചനകള്‍ നല്‍കികൊണ്ട് കിയയുടെ എസ്‌യുവി കണ്‍സെപ്റ്റ് വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു.ആദ്യമെത്തിക്കുന്ന എസ്‌യുവി മോഡലായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് ബലം പകര്‍ന്ന് കിയയുടെ എസ്‌യുവി മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി.

വാഹനം മൊത്തത്തില്‍ മൂടികെട്ടിയ നിലയിലാണ് ക്യമാറ കണ്ണില്‍ കുടുങ്ങിയത്. എന്നാല്‍, ഇത് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച എസ്പി കണ്‍സെപ്റ്റ് വാഹനമാണെന്നാണ് വിലയിരുത്തലുകള്‍. എസ്‌യുവി ശ്രേണിയില്‍ കിയ അവതരിപ്പിച്ച ഈ വാഹനം ഏറെ ആഡംബര ഭാവത്തിലാണ് ഒരുക്കിയിട്ടുള്ളത്. 

കിയയുടെ വാഹനങ്ങളുടെ മുഖഛായയായ ടൈഗര്‍ നോസ് ഗ്രില്‍, നേര്‍ത്ത ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, ഇതിനു താഴെയായി വലിയ ഫോഗ്‌ലാമ്പ് എന്നിവയായിരുന്നു കിയയുടെ എസ്പി കണ്‍സെപ്റ്റിന്റെ മുഖഭാവം.

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഹ്യുണ്ടായിയുടെ ക്രെറ്റയോട് രൂപസാദൃശ്യം തോന്നുന്നുണ്ട്. എന്നാല്‍, പരീക്ഷണയോട്ടം നടത്തിയ വാഹനത്തിന് ക്രെറ്റയെക്കാള്‍ നീളം കൂടുതലുണ്ടെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ക്രെറ്റയില്‍ നല്‍കിയിരിക്കുന്ന എന്‍ജിന്‍ കിയയുടെ വാഹനത്തിനും കരുത്ത് പകരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവ കിയയുടെ എസ്പി കണ്‍സെപ്റ്റില്‍ സ്റ്റാന്റേഡ് ഫീച്ചറുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Kia SP concept-based SUV spied for the first time