കിയ ഇന്ത്യന്‍ നിരത്തുകളിലേക്ക് ആദ്യമെത്തിക്കുന്ന വാഹനത്തിന്റെ ഏകദേശ രൂപം ഇതാണെന്ന് പ്രഖ്യാപിച്ച് കിയ ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു. എസ്പി കണ്‍സെപ്റ്റ് മോഡലുമായി സാമ്യമുള്ള സ്‌കെച്ചാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

പ്രീമിയം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും ഈ വാഹനം എത്തുകയെന്ന് കിയ മുമ്പുതന്നെ അറിയിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളായിരിക്കും ഇന്ത്യന്‍ നിരത്തില്‍ കിയയുടെ എതിരാളികള്‍.

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലുമായി സാമ്യമുള്ള ചിത്രമാണ് കിയ പുറത്തുവിട്ടത്. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പും നീളമുള്ള ഡിആര്‍എല്ലും, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന ഫോഗ്ലാമ്പ് എന്നിവ സ്‌കെച്ചിലും കാണാം.

Kia Motors

സ്‌കെച്ചില്‍ നല്‍കിയിട്ടുള്ള പിന്‍ഭാഗം ഏറെ സ്‌പോര്‍ട്ടിയാണ്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കെച്ചിലെ പിന്‍ഭാഗം. 

ഇന്റീരിയര്‍ സംബന്ധിച്ചുള്ള സൂചനകളൊന്നും ഇതുവരെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറുകളാണ്.

Kia

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുമെന്നാണ് സൂചന. രണ്ട് എന്‍ജിനൊപ്പവും ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ബോക്‌സും ഒരുക്കുന്നുണ്ട്. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

കിയയുടെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള നിര്‍മാണ കേന്ദ്രത്തിലാണ് എസ്പി അടിസ്ഥാനത്തുള്ള എസ്യുവിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. വര്‍ഷംതോറും മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഇവിടെനിന്നും നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി മേധാവികള്‍ അറിയിച്ചിട്ടുള്ളത്.

Content Highlights: Kia SP Concept Based SUV Official Design Sketches Revealed