കിയയുടെ ഇന്ത്യയിലെ കുതിപ്പ് മൂന്നാം ലാപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കിയ ഇന്ത്യയുടെ മൂന്നാമെത്തെ വാഹനമായ സോണറ്റ് ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാഹനത്തിന്റെ ആഗോള അവതരണമായിരിക്കും ഇന്ത്യയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരിക്കും അവതരണം നടത്തുക.
അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ സോണറ്റ് നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ശേഷമായിരിക്കും ആഗോള വിപണിയില്‍ ഈ വാഹനം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കിയ ഇന്ത്യയിലെത്തിച്ച ആദ്യ വാഹനമായ സെല്‍റ്റോസ് ഇവിടെയെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയിലെത്തിയത്.
കിയയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായാണ് സോണറ്റ് എത്തുന്നത്. ഇന്ത്യക്ക് പുറമെ, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ വാഹനം പരിഗണിക്കുന്നുണ്ടെന്ന് എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡല്‍ഹി എക്‌സ്‌പോയിലാണ് സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ജൂണിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീളുകയായിരുന്നു.
ഇന്ത്യയില്‍ കടുത്ത മത്സരം നടക്കുന്ന ശ്രേണിയിലേക്കാണ് കിയ സോണറ്റ് എത്തുന്നത്. മാരുതി ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300 തുടങ്ങിയ വാഹനങ്ങളുമായാണ് സോണറ്റ് മത്സരിക്കുക. ഇതില്‍ ഹ്യുണ്ടായി വെന്യുവുമായി എന്‍ജിനും ട്രാന്‍സ്മിഷനും പങ്കിട്ടാണ് കിയ സോണറ്റ് ഇന്ത്യയിലെത്തുന്നത്.
1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. അതേസമയം, നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: NDTV Car and Bike
Content Highlights; Kia Sonet Unveil On August 7 In India