Image Courtesy: Kia India
ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്സ് സെല്‍റ്റോസ്, കാര്‍ണിവല്‍ തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യയില്‍ തുടങ്ങിവെച്ച കുതിപ്പിന്റെ മൂന്നാം ഘട്ടം ആരംഭിക്കാനെത്തുന്ന വാഹനമാണ് കിയ സോണറ്റ്. ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനം ഈ മാസം 18 തീയതി മുതല്‍ നിരത്തുകളിലെത്തി തുടങ്ങുമെന്ന് സൂചന.
ഇന്ത്യയിലെ വാഹനശ്രേണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് ഈ വാഹനമെത്തുന്നത്. സ്റ്റൈലിന്റെയും ഫീച്ചറിന്റെയും കാര്യത്തില്‍ ഏതിരാളികള്‍ക്കൊപ്പം മത്സരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ വില മാത്രമാണ് ഇനി പുറത്തുവരാനുള്ളത്. വില സെപ്റ്റംബര്‍ 18-ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് സെല്‍റ്റോസ് എത്തുന്നത്. ടൈഗര്‍ നോസ് ഗ്രില്ല്, ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ് എന്നിവ എല്‍ഇഡിയാണ്, ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്്സ് തുടങ്ങിയവയാണ് വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റ്.
ഇന്റീരിയര്‍ ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചിട്ടയായി നല്‍കിയിട്ടുള്ള ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, കണ്ട്രോള് യൂണിറ്റും ഡിജിറ്റല്‍ ഡിസ്പ്ലേയും നല്‍കിയിട്ടുള്ള പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ അകത്തളത്തിലെ ഫീച്ചറുകളാണ്.
ഹ്യുണ്ടായിയുടെ വെന്യുവിന്റെ പ്ലാറ്റ്ഫോമാണ് സോണറ്റിലും. 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ എന്നിവയാണ് പെട്രോള്‍ എന്ജിന്. 1.5 ലിറ്ററാണ് ഡീസല്‍ എന്ജിന്. ഹ്യുണ്ടായി വെന്യുവില്‍ അടുത്തിടെ സ്ഥാനം പിടിച്ച ഇന്റലിജെന്റ് മാനുവല്‍ ട്രാന്സ്മിഷന് സോണറ്റിലുമുണ്ട്. മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയും ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നുണ്ട്.
ഇന്ത്യയില്‍ ശക്തരായ എതിരാളികളുമായാണ് സോണറ്റിന് ഏറ്റുമുട്ടേണ്ടത്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോട്ട്, മഹീന്ദ്ര എസ്യുവി 300 എന്നിവയാണ് പ്രധാന എതിരാളികള്‍. നിസാന്‍ മാഗ്നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസ്, ഹോണ്ട എച്ച്ആര്‍വി തുടങ്ങി വരാനിരിക്കുന്ന മോഡലുകളും സബ് കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് എത്തുക.
Source: India Car News
Content Highlights: Kia Sonet To Be Launch On September 18
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..