ട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുള്ള വാഹനങ്ങളെ കുറിച്ച് ഇന്ത്യക്കാർക്ക് നല്ല ധാരണയുണ്ട്. അതേസമയം, കാറുകളിൽ ക്ലെച്ച്ലെസ് മാനുവൽ വാഹനമെന്നത് നമ്മളെ സംബന്ധിച്ച് വളരെ പുതുമയുള്ള ഒന്നാണ്. ഈ പുതുമയൊരുക്കിയാണ് കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് അവതരിക്കുന്നത്.

ആഗോള നിരത്തുകളിൽ ക്ലെച്ച്ലെസ് മാനുവൽ വാഹനങ്ങൾ പല വാഹന നിർമാതാക്കളും എത്തിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത് ഏതാനും ഇരുചക്ര വാഹനങ്ങളിൽ മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് സോണറ്റിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും നൽകുക.

പുതിയ ട്രാൻസ്മിഷൻ സംവിധാനത്തിനൊപ്പം ഇന്ത്യൻ വാഹനങ്ങളിൽ കണ്ടുശീലിച്ചിട്ടില്ലാത്ത നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായായിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്ന് കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് വിഭാഗം മേധാവി മനോഹർ ഭട്ട് ഫിനാൻഷ്യൽ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മുമ്പെ പ്രഖ്യാപനം നടന്നെങ്കിലും കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം പ്രദർശനത്തിനെത്തിയത്. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര എക്സ്യുവി 300, ഫോർഡ് ഇക്കോ സ്പോട്ട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും വെന്യു കൊമ്പുകോർക്കുക. കൊവിഡ്-19 ഭീഷണിയെ തുടര്‍ന്ന്‌ വരവ് അൽപ്പം വൈകിയെങ്കിലും വരുന്ന ഉത്സവ സീസണിൽ ഈ വാഹനം അഥിതിയാകുമെന്നാണ് സൂചന.

മുഖ്യ എതിരാളിയായ വെന്യുവിന്റെ പ്ലാറ്റ്ഫോം തന്നെയായിരിക്കും സോണറ്റിനും അടിസ്ഥാനമൊരുക്കുന്നത്. ഇതിനൊപ്പം, എൻജിനും ക്ലെച്ച്ലെസ് മാനുവൽ ഒഴിച്ചുള്ള ട്രാൻമിഷനുകളും വെന്യുവിന് സമാനമായിക്കും. എന്നാൽ, ഡിസൈനിലും ഫീച്ചറുകളിലും ഇരുവാഹനങ്ങളും തമ്മിൽ യാതൊരു താരതമ്യവുമില്ലെന്നാണ് സൂചനകൾ.

Source: Financial Express

Content Highlights:Kia Sonet Subcompact SUV Gets Clutch Less Manual Transmission