കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്ന മൂന്നാമനാണ് സോണറ്റ് എന്ന സബ്-കോംപാക്ട് എസ്‌യുവി. കിയ മോട്ടോഴ്‌സ് പറഞ്ഞിട്ടുള്ള കണക്കനുസരിച്ച് ജൂണ്‍ മാസത്തില്‍ നിരത്തിലെത്തേണ്ട ഈ വാഹനത്തിന്റെ വരവ് ഉത്സവ സീസണിലേക്ക് നീട്ടിയിരിക്കുകയാണ്. ഇവിടെയും കൊറോണ എന്ന മഹാമാരിയാണ് ഭീഷണിയായിരിക്കുന്നത്. 

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു. ഓരോ ആറ് മാസത്തിലും പുതിയ മോഡലുകളെത്തിക്കുമെന്ന കിയയുടെ ഉറപ്പനുസരിച്ച് ജൂണ്‍ മാസത്തിന് മുമ്പ് എത്തുമെന്നായിരുന്നു പ്രതീക്ഷ.

ഇന്ത്യയില്‍ ഹ്യുണ്ടായി വെന്യുവിനോട് മത്സരിക്കാനാണ് സോണറ്റ് പ്രധാനമായും എത്തുന്നത്. അതേസമയം, വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങുന്നതെന്നുള്ളതും കൗതുകമാണ്. എന്‍ജിനും ട്രാന്‍സ്മിഷനും ഉള്‍പ്പെടെയുള്ളവയും ഹ്യുണ്ടായി വെന്യുവിലേതിന് സമാനമാണെന്നാണ് സൂചന.

കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Sub Compact SUV To Launch On Festival Season