കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലാകാനൊരുങ്ങുന്ന വാഹനമാണ് സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവി. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ വാഹനം ഓഗസ്റ്റില്‍ നിരത്തിലെത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി സോണറ്റ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

മൂടികെട്ടിയ നിലയിലാണ് സോണറ്റ് പരീക്ഷണയോട്ടത്തിനിറങ്ങിയത്. മിഡില്‍ വേരിയന്റിലുള്ള വാഹനമാണിതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായി സാധാരണ അലോയി വീലുകളാണ് ഇതിലുള്ളത്. മറ്റ് ഫീച്ചറുകളെല്ലാം കണ്‍സെപ്റ്റ് മോഡലുമായി സാമ്യം തോന്നിക്കുന്നവയാണ്.

കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ സോണറ്റിന്റെ പ്രധാന എതിരാളിയാകുന്ന വെന്യുവിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. ഇതിനുപുറമെ, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയും ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തവയായിരിക്കുമെന്നാണ് സൂചന. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Spied In Test Run