കിയ മോട്ടോഴ്സ് സെല്‍റ്റോസിലൂടെ തുടങ്ങിവെച്ച നേട്ടങ്ങള്‍ ഏറ്റവുമൊടുവിലെത്തിയ സോണറ്റിലും തുടരുകയാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാത്രം നിരത്തുകളിലെത്തിയ സോണറ്റ് എന്ന വാഹനം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടുന്ന സബ്-കോംപാക്ട് എസ്.യു.വി എന്ന അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ്.
നവംബര്‍ മാസത്തെ വില്‍പ്പനയാണ് കിയ സോണറ്റിന് ഈ നേട്ടം സമ്മാനിച്ചത്. സോണറ്റിന്റെ 11,417 യൂണിറ്റാണ് നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. സോണറ്റിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ കിയ മോട്ടോഴ്സിന്റെ മൊത്ത വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.
21,022 വാഹനങ്ങളാണ് കിയ മോട്ടോഴ്സ് നവംബര്‍ മാസം വിറ്റഴിച്ചത്. ഇതില്‍ 9205 യൂണിറ്റ് സെല്‍റ്റോസാണ്. സെപ്റ്റംബര്‍ മാസം വിപണിയില്‍ എത്തിയ സോണറ്റ് ഇതിനോടകം 50,000 ബുക്കിങ്ങുകളാണ് നേടിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്നീ മോഡലുകള്‍ക്കാണ് ഉയര്‍ന്ന ഡിമാന്റ് കാണിക്കുന്നത്.
ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്ജിന് മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്ജിന് പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Kia Sonet Recorded As Top Selling Compact SUV In India