ക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് കിയ സോണറ്റ്. അടുത്ത മാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കരുതുന്ന ഈ കോംപാക്ട് എസ്‌യുവിയുടെ ഔദ്യോഗിക സ്‌കെച്ച് കിയ മോട്ടോഴ്‌സ് പുറത്തുവിട്ടു. 

മൂന്നാമത്തെ വാഹനത്തെ കുറിച്ച് QYi എന്ന കോഡ് മാത്രമേ കിയ വെളിപ്പെടുത്തിയിരുന്നുള്ളൂ. ഈ വാഹനത്തിന്റെ പേര് സോണറ്റ് എന്നായിരിക്കുമെന്ന് അഭ്യൂഹനങ്ങള്‍ മാത്രമാണുള്ളത്. ഇതാദ്യമായാണ് കിയയുടെ കോംപാക്ട് എസ്‌യുവിയെ കുറച്ചുള്ള ഔദ്യോഗിക സൂചന കമ്പനി നല്‍കുന്നത്. 

സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, ഇരുഡോറുകളിലേക്കും നീളുന്ന ക്രോമിയം സ്ട്രിപ്പും പിന്‍വശത്ത് മുഴുവനായി വ്യാപിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകളും ഡ്യുവല്‍ ടോണ്‍ ബമ്പറും സ്‌കെച്ചില്‍ ദൃശ്യമാകുന്നുണ്ട്.

ഇന്ത്യയില്‍ സോണറ്റിന്റെ പ്രധാന എതിരാളിയാകുന്ന വെന്യുവിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. ഇതിനുപുറമെ, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയും ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തവയായിരിക്കുമെന്നാണ് സൂചന. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Official Sketch Revealed