കിയ മോട്ടോഴ്‌സിന്റെ സബ് കോംപാക്ട് എസ്‌യുവി മോഡലായ സോണറ്റിന്റെ അവതരണത്തിന് ഇനി വെറും പത്തുനാള്‍ കാത്തിരിപ്പാണുള്ളത്. സോണറ്റിന്റെ ആഗോളതലത്തിലെ അവതരണത്തിന് ഓഗസ്റ്റ് ഏഴിന് ഇന്ത്യയില്‍ വേദിയൊരുങ്ങും. എന്നാല്‍ അവതരണത്തിന് മുമ്പുതന്നെ കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സോണറ്റിന്റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് സോണറ്റ്. ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കുമെങ്കിലും ഉത്സവ സീസണോടെ മാത്രം ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിവരം. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ട്.

പ്രീമിയം ലുക്കും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെയും അകമ്പടിയോടെയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശാലമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണറ്റിന്റെ മുന്‍വശത്തിന് പ്രീമിയം ഭാവം നല്‍കുന്നത്.

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫല്‍റും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

പുറത്തെ പ്രീമിയം ഭാവം അകത്തളത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ്‌ കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ സോണറ്റിന്റെ കൂടുതല്‍ വേരിയന്റില്‍ നല്‍കും.

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഐഎംടി എന്നിവയായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Kia Sonet Listed In Official Website Before Unveil