നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിയയുടെ കോംപാക്ട് എസ്‌.യു.വി. മോഡലായ സോണറ്റ് നിരത്തുകളിലേക്ക്. എതിരാളികളെ പോലും അമ്പരപ്പിക്കുന്ന വിലയിലാണ് സോണറ്റ് വരുങ്ങുന്നത്. രണ്ട് വിഭാഗങ്ങളിലായി ആറ്  വേരിയന്റുകളിലെത്തുന്ന ഈ കോംപാക്ട് എസ്‌.യു.വിക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറും വില വരുന്നത്. ഒരു ലക്ഷം യൂണിറ്റാണ് പ്രതിവര്‍ഷ വില്‍പ്പന ലക്ഷ്യം.

വെന്യുവിന്റെ പ്ലാറ്റ്‌ഫോമാണ് സോണറ്റിന്റെയും അടിസ്ഥാനം. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്. 

Kia Sonet
കിയ സോണറ്റ് | Photo: Kia Motors India

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 998 സിസിയില്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 1197 സിസിയില്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 1493 സിസിയില്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ മോഡലിന് 19 മുതല്‍ 24 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലിന് 18.2 മുതല്‍ 18.4 കിലോമീറ്റര്‍ വരെയുമാണ് കിയ ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത. 

സോണറ്റിന്റെ ഡിസൈന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കിയ മുമ്പ് പുറത്തുവിട്ടിരുന്നു  ടൈഗര്‍ നോസ് ഗ്രില്ല്, ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ് എന്നിവ എല്‍ഇഡിയാണ്, ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്്സ് തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റ്. 

Kia Sonet
കിയ സോണറ്റ് | Photo: Kia Motors India

ഇന്റീരിയര്‍ ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചിട്ടയായി നല്‍കിയിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, കണ്‍ട്രോള്‍ യൂണിറ്റും ഡിജിറ്റല്‍ ഡിസ്പ്ലേയും നല്‍കിയിട്ടുള്ള പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ അകത്തളത്തിലെ ഫീച്ചറുകളാണ്.

ഇന്ത്യയില്‍ ശക്തരായ എതിരാളികളുമായാണ് സോണറ്റിന് ഏറ്റുമുട്ടേണ്ടത്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോട്ട്, മഹീന്ദ്ര എസ്യുവി 300 എന്നിവയാണ് പ്രധാന എതിരാളികള്‍. നിസാന്‍ മാഗ്നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസ്, ഹോണ്ട എച്ച്ആര്‍വി തുടങ്ങി വരാനിരിക്കുന്ന മോഡലുകളും സബ് കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് എത്തുക.

Content Highlights: Kia Sonet Launched In India; Price Starts From 6.71 Lakhs