കിയ QYi എന്ന കോഡ് നെയിം നല്‍കി ഇന്ത്യന്‍ നിരത്തുകള്‍ക്കായി കിയ ഒരുക്കുന്ന സബ് ഫോര്‍ മീറ്റര്‍ എസ്‌യുവിയുടെ പേര് സോണറ്റ് എന്നാണെന്ന് സൂചന. ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കിയ ഇതുവരെ നടത്തിയിട്ടില്ല. ഈ പേര് ലഭിക്കാന്‍ കിയ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. 

2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനം അടുത്ത വര്‍ഷം പകുതിയോടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി വെന്യു, മാരുതി വിത്താര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവരാണ് കിയ സോണിറ്റിന്റെ എതിരാളികള്‍.

പ്ലാറ്റ്ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ സോണറ്റ് എത്തുക. എതിരാളികളികളുടെ ഡിസൈനില്‍നിന്ന് മാറി പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചനകള്‍.

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

കിയ ഇന്ത്യയിലെത്തിച്ച ആദ്യ വാഹനമായ സെല്‍റ്റോസിലെ കണക്ടിവിറ്റി, സുരക്ഷ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലേക്കും പറിച്ചുനടും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.

Content Highlights: Kia Sonet Is The Name Of Upcoming Mini Compact SUV