കിയയുടെ കോംപാക്ട് എസ്‌യുവി വാഹനമായ സോണറ്റിന്റെ വരവ് ഈ ശ്രേണിയിലെ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന് ഉറപ്പായി. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വാഹനത്തിന് ലഭിക്കുന്ന ബുക്കിങ്ങ്. സോണറ്റിന്റെ ബുക്കിങ്ങ് തുറന്ന ആദ്യദിനം തന്നെ നിര്‍മാതാക്കളെ പോലും ഞെട്ടിച്ചുകൊണ്ട് 6523 ആളുകളാണ് ഈ വാഹനം ബുക്കുചെയ്തത്. 

ഓഗസ്റ്റ് 20-നാണ് ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് കിയ മോട്ടോഴ്‌സ് ആരംഭിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് സോണറ്റിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. വില പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ വാഹനത്തിന് 25,000 രൂപ അഡ്വാന്‍സ് തുക നല്‍കിയാണ് ഇത്രയധികം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്തിരിക്കുന്നത്. 

ഓഗസ്റ്റ് ഏഴിനാണ് കിയ സോണറ്റിന്റെ ആഗോള അവതരണം ഇന്ത്യയില്‍ നടന്നത്. കിയയുടെ ആന്ധ്രപ്രദേശിലെ അനന്ത്പൂരിലെ പ്ലാന്റിലാണ് വിദേശ രാജ്യങ്ങളിലേക്കുമുള്ള സോണറ്റ് നിര്‍മിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി ഈ വാഹനം വിപണിയിലെത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവതരണ വേളയില്‍ അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് കിയ സോണറ്റ് അവതരിപ്പിക്കുന്നത്. കിയയുടെ തന്നെ കൂടപിറപ്പായ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് തുടങ്ങിയ വാഹനങ്ങളുമായാണ് സോണറ്റ് മത്സരിക്കുക. നിസാന്‍ മാഗ്‌നൈറ്റ് എന്ന എതിരാളിയും അണിയറില്‍ ഒരുങ്ങുന്നുണ്ട്.

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. ഈ ശ്രേണിയിലെ തന്നെ ഏറ്റവും പുതിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. 57-ഓളെ കണക്ടിവിറ്റി ഫീച്ചറുകളാണ് സോണറ്റിലെ ഹൈലൈറ്റായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഹ്യുണ്ടായിയുടെ വെന്യുവിലേതിന് സമാനമായ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Gets 6523 Booking In One Day