കിയ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്.യു.വി. മോഡലായ സോണറ്റ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എതിരാളികളെ അപേക്ഷിച്ച് കുറഞ്ഞ പ്രാരംഭ വിലയിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എന്നാല്‍, വാഹനത്തിന്റെ വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ആയിരകണക്കിനാളുകളാണ് ഈ വാഹനം ബുക്കു ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കിയ മോട്ടോഴ്‌സ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 14 ദിവസത്തിനുള്ളില്‍ 25,000 ബുക്കിങ്ങുകളാണ് സോണറ്റിന് ലഭിച്ചിട്ടുള്ളത്. ബുക്കിങ്ങ് തുറന്ന ദിവസം 6500-ല്‍ അധികം ആളുകളാണ് ഈ വാഹനം ബുക്കുചെയ്തത്. ഒരു ദിവസം ശരാശരി 1000 ബുക്കിങ്ങുകളാണ് സോണറ്റിന് ലഭിക്കുന്നതെന്നാണ് നിര്‍മാതാക്കളായ കിയ നല്‍കുന്ന വിശദീകരണം. 

കിയയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ GTX+ വേരിയന്റിനാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിട്ടുള്ളത്. ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും കിയ മോട്ടോഴ്‌സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി മനോഹര്‍ ഭട്ട് അറിയിച്ചു. പ്രതിവര്‍ഷം സോണറ്റിന്റെ 1.5 ലക്ഷം യൂണിറ്റ് നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്റില്‍ ഒരുക്കിയിട്ടുള്ളത്. 

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്. 

വെന്യുവിന്റെ പ്ലാറ്റ്ഫോമാണ് സോണറ്റിന്റെയും അടിസ്ഥാനം. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്. 

ഇന്ത്യയില്‍ ശക്തരായ എതിരാളികളുമായാണ് സോണറ്റിന് ഏറ്റുമുട്ടേണ്ടത്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, മഹീന്ദ്ര എസ്യുവി 300 എന്നിവയാണ് പ്രധാന എതിരാളികള്‍. നിസാന്‍ മാഗ്‌നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസ്, ഹോണ്ട എച്ച്ആര്‍വി തുടങ്ങി വരാനിരിക്കുന്ന മോഡലുകളും സബ് കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് എത്തുക.

Content Highlights: Kia Sonet Gets 25,000 Booking With in 14 Days