കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച മൂന്നാമത്തെ മോഡലും കോംപാക്ട് എസ്.യു.വിയുമായ സോണറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിര്‍മാതാക്കള്‍. അവതരിപ്പിച്ച് ഇതിനോടകം 50000-ത്തില്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ സോണറ്റ് ബുക്കുചെയ്യുന്നുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. 

ഇതുവരെ ലഭിച്ചതില്‍ 60 ശതമാനം ബുക്കിങ്ങുകളും 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ മോഡലിനാണ്. 40 ശതമാനം ആളുകളാണ് ഡീസല്‍ എന്‍ജിന്‍ മോഡല്‍ ബുക്കുചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കൂടുതല്‍ പ്രിയം. 46 ശതമാനം ആളുകള്‍ ഐ.എം.ടി ട്രാന്‍സ്മിഷനും ഡി.സി.ടിയും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുമാണ് തിരഞ്ഞെടുക്കുന്നത്. 

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 998 സിസിയില്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 1197 സിസിയില്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 1493 സിസിയില്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ മോഡലിന് 19 മുതല്‍ 24 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലിന് 18.2 മുതല്‍ 18.4 കിലോമീറ്റര്‍ വരെയുമാണ് കിയ ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത. 

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്. 

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്.

Content Highlights: Kia Sonet Get Over 50,000 Booking; High Demand For Turbo Engine Model