കിയ സോണറ്റ് ആനിവേഴ്‌സറി എഡിഷൻ | Photo: Kia Motors
കിയ മോട്ടോഴ്‌സിന്റെ മൂന്നാമനായി ഇന്ത്യയില്‍ എത്തിയ വാഹനമാണ് സോണറ്റ് എന്ന കോംപാക്ട് എസ്.യു.വി. 2020-ല്‍ ഇന്ത്യയില്‍ എത്തിയ ഈ വാഹനം ഇപ്പോള്‍ ഒന്നാം വയസിന്റെ നിറവിലാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സോണറ്റിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കിയ മോട്ടോഴ്‌സ്. ആനിവേഴ്‌സറി എഡിഷന്‍ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍ സോണറ്റിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചതും ഒരു വര്‍ഷം തികഞ്ഞതിന്റെ ആഘോഷത്തിന് ഇരട്ടിമധുരം പകരുന്നുണ്ട്. സോണറ്റിന്റെ നാല് വേരിയന്റുകളാണ് ആനിവേഴ്‌സറി എഡിഷനായി നിരത്തുകളില്‍ എത്തിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള സോണറ്റിന്റെ ഈ പ്രത്യേക പതിപ്പിന് 10.79 ലക്ഷം രൂപ മുതല്‍ 11.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
സോണറ്റിന്റെ HTX വകഭേദത്തിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്‌സറി എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 2022 മാര്‍ച്ച് വരെ ഈ പതിപ്പിന്റെ വില്‍പ്പന തുടരുമെന്നാണ് വിവരം. അറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, സില്‍വര്‍ സ്റ്റീല്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നീ നാല് നിറങ്ങളിലാണ് സോണറ്റിന്റെ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഐ.എം.ടി, ഡി.സി.ടി, മാനുവല്‍ എന്നീ മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഈ വാഹനം വിപണിയില്‍ എത്തിയിട്ടുണ്ട്.

റെഗുലര്‍ സോണറ്റിന്റെ രൂപത്തിനൊപ്പം മോടിപിടിപ്പിക്കുന്നതിനുള്ള മിനുക്കുപണികളും നല്‍കിയാണ് ആനിവേഴ്‌സറി എഡിഷന്‍ ഒരുക്കിയിട്ടുള്ളത്. മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ്, ഓറഞ്ച് നിറത്തില്‍ നല്‍കിയിട്ടുള്ള ആക്‌സെന്റുകള്‍, ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ഓറഞ്ച് നിറം നല്‍കിയിട്ടുള്ള സ്റ്റഡുകള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് ആനിവേഴ്‌സറി എഡിഷനെ സ്റ്റൈലിഷാക്കുന്ന ഘടകങ്ങള്‍.
റെഗുലര്‍ സോണറ്റിന് സമാനമായി 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിനിലുമാണ് ആനിവേഴ്‌സറി എഡിഷനും എത്തിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ 99 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കും ഓട്ടോമാറ്റിക് മോഡല്‍ 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഐ.എം.ടി. ഡി.സി.ടി. ട്രാന്‍സ്മിഷനുകളാണ് ഇതിലുള്ളത്.
Content Highlights: Kia Sonet Anniversary Edition Launched In India, Sonet Special Edition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..