ന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവുമൊടുവിലെത്തിയ വാഹനമാണ് കിയയുടെ സോണറ്റ്. കിയ മോട്ടോഴ്‌സിന്റെ ആദ്യ രണ്ട് മോഡലുകള്‍ക്കും ഇന്ത്യന്‍ നിരത്തുകള്‍ നല്‍കിയ സ്വീകാര്യത മൂന്നാം മോഡലായ സോണറ്റിനും നല്‍കി കഴിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് സ്വന്തമാക്കിയത്. 

അവതരണത്തിന് മുന്നോടിയായി ഓഗസ്റ്റ് 20-നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചത്. ഇത് 60 ദിവസം പിന്നിട്ടതോടെയാണ് ബുക്കിങ്ങില്‍ 50,000 കടന്നതായി കിയ അറിയിച്ചത്. ബുക്കുചെയ്ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കുചെയ്തിരിക്കുന്നത്. 

സെപ്റ്റംബര്‍ 18-നാണ് കിയ ഇന്ത്യയുടെ മൂന്നാമത്തെ മോഡലായ സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതേമാസം തന്നെ സോണറ്റിന്റെ 9266 യൂണിറ്റാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. എതിരാളികളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഈ വാഹനത്തെ ആകര്‍ഷമാക്കുന്നത്. 6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് സോണറ്റിന്റെ എക്‌സ്‌ഷോറും വില. 

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്. 

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ മോഡലിന് 19 മുതല്‍ 24 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലിന് 18.2 മുതല്‍ 18.4 കിലോമീറ്റര്‍ വരെയുമാണ് ഇന്ധനക്ഷമത.

Content Highlights: Kia Sonet Achieve 50,000 Bookings In 60 Days Of Launch