സൂപ്പര്‍ ഫാസ്റ്റായി കിയ മോട്ടോഴ്‌സ്; 11 മാസം കൊണ്ട് നിരത്തിലെത്തിയത് ഒരു ലക്ഷം വാഹനങ്ങള്‍


കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഏഴ് മാസത്തിനുള്ളില്‍ 75,000 സെല്‍റ്റോസ് ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന്‌ കിയ.

-

നേട്ടങ്ങളുടെ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ഇന്ത്യന്‍ നിരത്തുകളിലെ കന്നിക്കാരനായ കിയ മോട്ടോഴ്‌സ്. ഇന്ത്യയിലെ വാഹന വിപണിയില്‍ സാന്നിധ്യമറിയിച്ച് 11 മാസത്തിനുള്ളില്‍ ഒരു ലക്ഷം വാഹനങ്ങളാണ് നിരത്തുകളിലെത്തിച്ച് കഴിഞ്ഞത്. ഇതോടെ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒരുലക്ഷം വാഹനങ്ങള്‍ വിറ്റത്തിന്റെ ക്രെഡിറ്റ് കിയയുടെ അക്കൗണ്ടിലായി.

കിയ സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നീ രണ്ട് മോഡലുകളിലൂടെയാണ് കിയ ഈ നേട്ടം കൈയെത്തി പിടിച്ചത്. 2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് നിരത്തുകളിലെത്തി തുടങ്ങുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്റുള്ള മിഡ്-സൈസ് എസ്‌യുവിയിലേക്കാണ് ഈ വാഹനമെത്തിയത്. വെറും രണ്ട് മാസത്തിനുള്ളില്‍ തന്നെ എതിരാളികള്‍ക്കൊപ്പം വളരാന്‍ സെല്‍റ്റോസിന് കഴിഞ്ഞിരുന്നു.

ഇതിനുപിന്നാലെ 2020-ന്റെ തുടക്കത്തില്‍ തന്നെ ആഡംബര എംപിവി വാഹനമായ കാര്‍ണിവലും കിയ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. ഈ രണ്ട് മോഡലുകളുടെയും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് 11 മാസത്തിനുള്ളില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ച് കരുത്ത് തെളിയിക്കാന്‍ കിയ മോട്ടോഴ്‌സിന് സാധിച്ചത്.