ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് കിയ സെല്‍റ്റോസിന്റെ കുതിപ്പ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് നിരത്തിലെത്തി തുടങ്ങിയത്. അവതരിപ്പിച്ച് ആദ്യ മാസം 6236 യൂണിറ്റാണ് പുറത്തിറങ്ങിയത്. സെപ്റ്റംബറില്‍ 7754 യൂണിറ്റിലെത്തി. ഒക്ടോബര്‍ മാസത്തോടെ വില്‍പ്പന പതിനായിരം കടക്കുകയായിരുന്നു. 12,800 സെല്‍റ്റോസാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്.
കോംപാക്ട് എസ്.യു.വി ശ്രേണിയിലെ കുറഞ്ഞ വിലയും ഇന്റര്‍നെറ്റ് അധിഷ്ഠിത വാഹനമെന്ന പ്രത്യേകതയും സെല്‍റ്റോസിന്റെ വില്‍പ്പനയ്ക്ക് കുതിപ്പേകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ രണ്ടുമാസമാണ് ഈ വാഹനത്തിന്റെ ബുക്കിങ് കാലാവധി. ചില നഗരങ്ങളില്‍ നാല് മാസത്തോളവും കാത്തിരിക്കണം.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Kia Sold 14005 Seltos In November